ഭുവനേശ്വർ: രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിൻ ദുരന്തത്തിൽ രക്ഷാദൗത്യം പൂർത്തിയായി. ബോഗികളിൽ കുടുങ്ങിയ യാത്രക്കാരെ പുറത്തെത്തിച്ചു. ഗതാഗതം പുനസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി റെയിൽവേ അറിയിച്ചു. അപകടത്തിൽ 261 മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിന് പുറമേ 650 പേർ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. 1000-ലേറെ യാത്രക്കാർക്ക് പരിക്ക് പറ്റിയിരുന്നു. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബാലസോറിലെത്തും. ദുരന്തസ്ഥലവും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നവരെയും പ്രധാനമന്ത്രി സന്ദർശിക്കും.
അപകടം നടന്നതിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നു. യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പങ്കുചേർന്നു. റെയിൽവേ മന്ത്രി അശ്വിനി വൈഷ്മവും കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനും സംഭവസ്ഥലത്തെത്തി. അപകടത്തിൽ ഉന്നതല അന്വേഷണം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. അപകടത്തിന്റെ മൂലകാരണമെന്തെന്ന് കണ്ടെത്തുമെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. ഉന്നത തല അന്വേഷണത്തിന് പുറമേ റെയിൽ സുരക്ഷാ കമ്മീഷണർ സ്വതന്ത്ര അന്വേഷണം നടത്തുമെന്നും റെയിൽവേ മന്ത്രി വ്യക്തമാക്കി. രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലുമാണ് നിലവിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കൂടാതെ രക്ഷാപ്രവർത്തനത്തിലേർപ്പെട്ട എല്ലാവരോടും അദ്ദേഹം നന്ദി അറിയിച്ചു.
ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയായിരുന്നു രാജ്യത്തെ നടുക്കിയ ദുരന്തഭൂമിയായി ഒഡീഷ മാറിയത്. ഷാലിമാർ-ചെന്നൈ കോറമണ്ഡാൽ എക്‌സ്പ്രസിന്റെ 10-12 കോച്ചുകൾ ബാലേശ്വരിന് സമീപം പാളം തെറ്റി എതിർ ട്രാക്കിൽ വീണു. മിനിറ്റുകളുടെ വ്യത്യാസത്തിൽ യശ്വന്ത്പൂരിൽ നിന്ന് ഹൗറയിലേക്കുള്ള ട്രെയിൻ ഇതിലേക്ക് വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ട്രെയിൻ കോച്ചുകൾ അടുത്ത് നിർത്തിയിട്ട ഗുഡ്‌സ് ട്രെയിനിന് മുകളിലേക്ക് തെറിച്ച് വീണാണ് അപകടമുണ്ടായത്.
















Comments