തിരുവനന്തപുരം: യുഎസിലെ ലോക കേരളസഭ സമ്മേളനത്തിൽ പണപ്പിരിവ് നടത്തിയ വാർത്ത ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. മുഖ്യമന്ത്രിയ്‌ക്കൊപ്പം ഇരിപ്പിടത്തിന് വേണ്ടി 82 ലക്ഷം രൂപയുടെ പാസ് നൽകുകയും അത്താഴ വിരുന്നിനായി ഗോൾഡ്, സിൽവർ സ്‌പോൺസർഷിപ്പുകളും സംഘാടകർ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇതുവരെയും ആരും കാർഡുകൾ വാങ്ങിയിട്ടില്ലെന്നാണ് വിവരം.
താരനിശകളെ വെല്ലും വിധത്തിലാണ് പരിപാടി സംഘടിപ്പിക്കാൻ പദ്ധതിയിട്ടിരുന്നത്. ഗോൾഡ്, സിൽവർ, ബ്രോൺസ് എന്നിങ്ങനെയാണ് പാസുകൾ. ഗോൾഡിന് ഒരു ലക്ഷം ഡോളർ (ഏകദേശം 82 ലക്ഷം രൂപ), സിൽവറിന് 50,000 ഡോളർ (ഏകദേശം 41 ലക്ഷം രൂപ), ബ്രോൺസിന് 25,000 ഡോളർ (ഏകദേശം 20.5 ലക്ഷം രൂപ) എന്നിങ്ങനെയാണ് നിരക്ക്. ആഡംബര ഹോട്ടലിന്റെ ചിത്രം ഉൾപ്പെടെയുള്ള താരിഫ് കാർഡ് അമേരിക്കൻ മലയാളി ഗ്രൂപ്പുകളിൽ പ്രചരിക്കുന്നുണ്ട്. ഗോൾഡ് പാസ് വാങ്ങുന്ന സ്‌പോൺസർക്ക് കേരളത്തിൽ നിന്നുള്ള വിഐപികൾക്കൊപ്പമുള്ള ഡിന്നർ അടക്കമായിരുന്നു ഓഫർ. മുൻനിരയിൽ ഇരിപ്പിടവും. സമ്മേളനം നടക്കുന്ന ന്യൂയോർക്കിലെ ആഡംബര ഹോട്ടലായ മാരിയറ്റ് മാർക്വിസിന്റെ ഫോട്ടോ സഹിതമുള്ള താരിഫ് കാർഡാണ് സംഘാടകർ യുഎസ് മലയാളികൾക്കിടയിൽ പ്രചരിപ്പിക്കുന്നത്.
മുഖ്യമന്ത്രിയും സംഘവും സ്വിറ്റസർലാൻഡും സന്ദർശിക്കുമോയെന്ന സംശയവും നൽകി കൊണ്ടാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. സമ്മേളനത്തെ ചൊല്ലി വിവാദം മുറുകുമ്പോൾ സംഘാടകർ പ്രതീക്ഷിച്ച പ്രതികരണമല്ല ഇതുവരെ ലഭിച്ചത്. മുഖ്യമന്ത്രിയ്‌ക്കൊപ്പം അത്താഴം അടക്കം വാഗ്ദാനം ചെയ്യുന്ന ഗോൾഡ്, സിൽവർ കാർഡുകൾ ആരും ഇതുവരെ വാങ്ങിയിട്ടില്ല. 2,80,000 ഡോളർ മാത്രമാണ് ആകെ പിരിഞ്ഞ് കിട്ടിയത്. രണ്ടര ലക്ഷം ഡോളറിന്റെ ഡയമണ്ട് കാർഡും 10,000 ഡോളറിന്റെ രണ്ടും 5,000 ഡോളറിന്റെ രണ്ടും സ്‌പോൺസർമാർ മാത്രമാണ് ഇതിനോടകം വന്നത്.
പിണറായി വിജയനും സംഘവും ഏഴിന് പുലർച്ചെയാകും യുഎസിലേക്ക് പുറപ്പെടുക. ദുബായ് വഴിയാകും യാത്ര. 9,10,11 തീയതികളിലാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ലോക കേരള സഭയ്‌ക്ക് ശേഷം ക്യൂബൻ സന്ദർശനവും കഴിഞ്ഞാകും മടക്കം. യാത്ര കണക്കിലെടുത്ത് ഈ ആഴ്ചത്തെ പതിവ് മന്ത്രിസഭായോഗം മാറ്റി.
Comments