കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം നടത്തിയതിന് അറസ്റ്റിലായ യുവാവിന് ജാമ്യം ലഭിച്ചതിന് പിന്നാലെ നൽകിയ സ്വീകരണത്തിൽ വിമർശനവുമായി നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്. കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം നടത്തിയതിന് അറസ്റ്റിലായ സവാദിനെയാണ് പൂമാലയണിയിച്ച് ഓൾ കേരള മെൻസ് അസോസിയേഷൻ സ്വീകരിച്ചത്.
ഇതിനെതിരെയാണ് അശ്വതി ശ്രീകാന്ത് രംഗത്ത് വന്നത്. സവാദിന് സ്വീകരണം കൊടുത്തതിൽ അല്ല, ഓൾ കേരള മെൻസ് അസോസിയേഷൻ എന്നൊക്കെ പറഞ്ഞ് വെളിച്ചവും ബോധവും ഉള്ള ബാക്കി ആണുങ്ങളെ കൂടി നാണം കെടുത്താൻ ശ്രമിക്കുന്നതിനാലാണ് സങ്കടം എന്നാണ് അശ്വതി ശ്രീകാന്ത് പറഞ്ഞത്. ഇതിന് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് വന്നത്. ‘എന്റെ ഭാഗത്തും തെറ്റുണ്ട്. ഈ സംഘടനയിൽ ഇത്രേം ആളുണ്ടെന്ന് എനിക്ക് അറിയില്ലാരുന്നു. കമന്റ് ബോക്സ് അവർ കൈയടക്കി ഗയ്സ് ! ഞാൻ പോണ്… ബൈ!’ എന്നാണ് അശ്വതി ശ്രീകാന്ത് തന്നെ ഇതിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് സവാദിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർകാവ് അജിത്തിന്റെ നേതൃത്വത്തിലാണ് ആലുവ സബ് ജയിലിന് പുറത്ത് സ്വീകരണം നൽകിയത്. പൂമാലയണിയിച്ചായിരുന്നു സ്വീകരണം. ഇതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സമൂഹത്തിൽ പ്രശസ്തി ലഭിക്കുന്നതിന് വേണ്ടിയാണ് യുവതി പരാതി നൽകിയതെന്നും അസോസിയേഷൻ ആരോപിച്ചു. പരാതിക്കാരിയെ നുണപരിശോധനക്ക് വിധേയയാക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ കേരള മെൻസ് അസോസിയേഷൻ ഡി ജി പിക്ക് പരാതി നൽകിയിരിക്കുകയാണ്.
Comments