തമിഴ് വിശ്വാസ പ്രകാരം സുബ്രഹ്മണ്യഭഗവാൻ ഭൂമിയിൽ അവതരിച്ചത് വൈകാശി വിശാഖദിനത്തിലാണ്, പൗർണമി കഴിഞ്ഞു വരുന്ന ഷഷ്ഠിയെ കുമാരഷഷ്ഠിയായി ആചരിക്കുന്നു . ഇത്തവണ കുമാരഷഷ്ഠി ആചരിക്കുന്നത് ജൂൺ 23 ന് രാത്രി 7.54 മുതൽ ജൂൺ 24ന് രാത്രി 10.17 വരെയാണ്. ഭക്തർ സുബ്രഹ്മണ്യ ക്ഷേത്ര ദർശനത്തിനായി വീട്ടിൽ നിന്നിറങ്ങുമ്പോൾ സുബ്രഹ്മണ്യ ഗായത്രിമന്ത്രം ജപിക്കണം.
“സനല്‍ക്കുമാരായ വിദ്മഹേ
ഷഡാനനായ ധീമഹീ
തന്വോ സ്കന്ദ: പ്രചോദയാത്” ഇതാണ് സുബ്രഹ്മണ്യ ഗായത്രി.
ക്ഷേത്രപാലകനായ ശ്രീ ഹിഡുംബൻ സ്വാമിയോട് അനുവാദം ചോദിച്ച് വേണം വേണം ഓരോ ഭക്തനും ക്ഷേത്രത്തിൽ പ്രവേശിക്കാൻ .
കേരളത്തിലെ കണ്ണൂർ ജില്ലയിലെ പെരളശ്ശേരി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ശ്രീ . സുബ്രഹ്മണ്യ ക്ഷേത്രമാണ് പെരളശ്ശേരി ശ്രീ . സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം.മനോഹരമായ രൂപസൗന്ദര്യത്തോടു കൂടിയവനും ഭക്തരില്‍ മനം ഉരുകുന്നവനുമായതിനാല്‍ മുരുകന്‍ എന്നും അഗ്‌നിയില്‍ (ശിവന്റെ നേത്രാഗ്‌നി) നിന്നും ജനിച്ചതു കൊണ്ട് ബാഹുലേയന്‍ എന്നും വേല്‍ ആയുധമാക്കിയതു കൊണ്ട് വേലായുധന്‍ എന്നും വേദശാസ്ത്ര പണ്ഡിതനും ബ്രഹ്മജ്ഞാനിയുമാകയാല്‍ സുബ്രഹ്മണ്യന്‍ എന്നും പാര്‍വതീദേവിയുടെ ആശ്ലേഷത്താല്‍ ഏകശരീരവാനാകയാല്‍ സ്‌കന്ദന്‍ എന്നും സദാ യൗവനരൂപയുക്തനാകയാല്‍ കുമാരന്‍ എന്നും സോമനാഥനാകുന്ന ശ്രീമഹാദേവന് പ്രണവമന്ത്രം ഉപദേശിച്ചവനാകയാല്‍ സ്വാമിനാഥന്‍ എന്നും ആറുമുഖങ്ങളോടു കൂടിയ വനാകയാല്‍ ഷണ്‍മുഖന്‍ എന്നും അനന്തവും ഗോപ്യവുമായ ജ്ഞാനത്തിന്റെ അധികാരിയാകയാല്‍ ഗുഹന്‍ എന്നും ആറ് താമരപ്പൂക്കളിലായി ഗംഗയിലെ ശരവണ പൊയ്കയില്‍ അവതരിയ്‌ക്കയാല്‍ ശരവണഭവന്‍ എന്നും കാര്‍ത്തിക നക്ഷത്രദേവതകളായ ആറു കൃത്തികമാര്‍ (മാതാക്കള്‍) വളര്‍ത്തിയതിനാല്‍ കാര്‍ത്തികേയന്‍ എന്നും ഗ്രഹനക്ഷത്രാദികളുടെ അധിപതിയാകയാല്‍ താരകബ്രഹ്മമെന്നും ഭഗവാന്‍ വാഴ്‌ത്തപ്പെടുന്നു.
മഹാദേവന്റെ ശ്രീലകത്തിനു മുന്നിൽ സ്കന്ദവിഗ്രഹ രൂപത്തിൽ പ്രതിഷ്ഠ ചെയ്യുന്ന സാക്ഷാൽ മുരുകൻ ജ്യോതിഷത്തിന്റെ അധിപനാണ്. കവിടിനിരത്തുന്ന വേഗത്തിലാണ് സുബ്രഹ്മണ്യ സ്വാമി ഉലകം ചുറ്റി സത്യം രാശി പലകയിലേക്ക് ആവാഹിക്കുന്നത്.പഴനിയിലെ പോലെ പടിഞ്ഞാറെയ്‌ക്കാണ് പെരളശ്ശേരിയിലും ശ്രീ. സുബ്രഹ്മണ്യസ്വാമിയുടെദർശനം ,നാഗപ്രതിഷ്ഠയും, ശാസ്താവ്, ഗണപതി, ഭദ്രകാളി എന്നീ പ്രതിഷ്ഠകളുമുണ്ട്. നാഗപ്രീതിയ്‌ക്കായി ഇവിടെ നാഗരൂപം ,സപരിവാര പൂജ , സർപ്പബലി, നൂറും പാലും തുടങ്ങിയ വഴിപാടുകൾ നടത്താറുണ്ട്.സര്‍പ്പാകാരത്തിലുള്ള സുബ്രഹ്മണ്യനാണെങ്കിലും വേൽ പിടിച്ചാണ് പെരളശ്ശേരി ശ്രീ. സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ പുണ്യദർശനം.ഇരുപത് ചാൺ ഉയരമുള്ള ശ്രീ. സുബ്രഹ്മണ്യ സ്വാമി വിഗ്രഹത്തിൽ കേശാദിപാദം വരെ അലങ്കരിക്കുന്ന താമരമാല കൊണ്ട് അഭിഷ്ഠ കാര്യസിദ്ധിയാണ് ഭക്തന് ലഭിക്കുന്നത് .
വനവാസകാലത്ത് രാവണൻ സീതയെ അപഹരിച്ചപ്പോൾ ശ്രീരാമൻ ഇവിടെ എത്താനിടയായി.ക്ഷേത്രം ദർശിച്ച ശ്രീരാമന് ഇവിടെ സുബ്രഹ്മണ്യസാന്നിധ്യം അനുഭവപ്പെടുകയും ആ ചരിത്രം കൂടെയുണ്ടായിരുന്ന ഹനുമാനോടും ലക്ഷ്മണനോടും പറയുകയും ചെയ്തു.
ഒരിക്കൽ ശ്രീ.ബാലസുബ്രഹ്മണ്യൻ ശ്രീ.ബ്രഹ്മാവിനോട് ഓംകാരത്തിന്റെ പൊരുൾ ചോദിച്ചു. ശ്രീ. ബ്രഹ്മാവിനു അതിന്റെ അർത്ഥം യഥാവിധി പറഞ്ഞു കൊടുക്കാൻ പറ്റിയില്ല. ഇതിൽ ദേഷ്യം വന്ന സുബ്രഹ്മണ്യൻ ബ്രഹ്മാവിനെ തടവിലിടാൻ തന്റെ സേനാനിയായ വീരബാഹുവിനോട് പറഞ്ഞു. പ്രപഞ്ചസ്രഷ്ടാവായ ബ്രഹ്മാവ് തടവിലായത് പ്രപഞ്ചത്തിൽ സൃഷ്ടി നിലയ്‌ക്കാൻ കാരണമായി. പിന്നീട് പരമേശ്വരന്റെ നിർദ്ദേശപ്രകാരം ബ്രഹ്മാവിനെ സുബ്രഹ്മണ്യൻ മോചിപ്പിച്ചു. പക്ഷേ പ്രായശ്ചിത്തം ചെയ്യേണ്ടി വന്നു. കുറച്ചുകാലം അജ്ഞാതവാസത്തിൽ കഴിയേണ്ടി വന്നു. അതനുസരിച്ചു അയ്യപ്പൻകാവിലെ പൊട്ടക്കിണറ്റിൽ സർപ്പരൂപത്തിൽ ഏകാന്തവാസം നയിച്ചു. വെയിലും മഴയും കൊള്ളാതെ സർപ്പങ്ങൾ തന്നെ കിണറിനു മുകളിൽ ഫണം കുടയാക്കി പിടിച്ചു അദ്ദേഹത്തെ കാത്തുപോന്നു. അതുകൊണ്ട് ഇവിടെ സുബ്രഹ്മണ്യസ്വാമിയ്‌ക്ക് സുപ്രധാനസ്ഥാനം നല്കി പൂജിക്കണമെന്നു പറഞ്ഞു. അങ്ങനെ അവർ ക്ഷേത്രദർശനം നടത്തുകയും, ഇവിടെ സുബ്രഹ്മണ്യ പ്രതിഷ്ഠ നടത്തേണ്ടതിന്റെ ഔചിത്യത്തെക്കുറിച്ച് അയ്യപ്പനുമായി ആശയവിനിമയം നടത്തുകയും ചെയ്തു. അയ്യപ്പൻ താനിരിക്കുന്ന പ്രധാന ശ്രീകോവിൽ സുബ്രഹ്മണ്യപ്രതിഷ്ഠയ്‌ക്ക് തരാമെന്നും ആ ശ്രീകോവിലിന്റെ തെക്കുഭാഗത്തായി തനിക്ക് സ്ഥാനം നല്കിയാൽ മതിയെന്നും ശ്രീരാമനോട് പറഞ്ഞു. വിഗ്രഹത്തിനായി ശ്രേഷ്ഠമായ ശില കണ്ടെത്താൻ ശ്രീരാമൻ ഹനുമാനെ പറഞ്ഞു വിട്ടു. വിഗ്രഹത്തിന് പോയ ഹനുമാൻ പ്രതിഷ്ഠാമുഹൂർത്തമായിട്ടും തിരിച്ചെത്തിയില്ല. ശുഭമുഹുർത്തം തെറ്റാതിരിക്കാൻ ശ്രീരാമൻ തന്റെ കൈയ്യിലെ പെരുവള ഊരിയെടുത്ത് വിഗ്രഹത്തിന്റെ സഥാനത്ത് പ്രതിഷ്ഠിച്ചു.അപ്പോഴേക്കും ഹനുമാൻ വിഗ്രഹമായ് എത്തി. ശ്രീ. ഹനുമാൻ വള എടുത്തിട്ടു പ്രതിഷ്ഠിച്ചുകൂടെ എന്നു ചോദിച്ചു. വള തിരിച്ചെടുക്കാൻ ശ്രീ. ഹനുമാൻ ശ്രമിച്ചപ്പോൾ വള ഇളകിയില്ലെന്നു മാത്രമല്ല ഒരു സർപ്പം വന്നു വളയിൽ ഇരുന്നു എടുക്കരുതെന്ന് ഫണം കാണിച്ചുകൊടുക്കുകയുമുണ്ടായി. പെരുവളയിൽ ശ്രീ.സുബ്രഹ്മണ്യസ്വാമി കുടികൊണ്ടെന്ന് മനസ്സിലാക്കിയ ശ്രീരാമൻ, തുടർന്ന് അവിടെ പ്രതിഷ്ഠ കഴിഞ്ഞതായി അറിയിച്ചു. പെരുവള ഊരി പ്രതിഷ്ഠിച്ചതിനാൽ സ്ഥലം പെരുവളശ്ശേരി എന്ന് അറിയപ്പെട്ടു, കാലാന്തരത്തിൽ പെരുവളശ്ശേരി ലോപിച്ച് പെരളശ്ശേരി എന്നു രൂപാന്തരം പ്രാപിച്ചു. താൻ കൊണ്ടുവന്ന വിഗ്രഹം, ശ്രീ.ഹനുമാൻ അടുത്തുതന്നെ മറ്റൊരു ക്ഷേത്രം പണിത് അവിടെ പ്രതിഷ്ഠിച്ചു. മർക്കടനായ (കുരങ്ങൻ) ശ്രീ.ഹനുമാൻ പ്രതിഷ്ഠിച്ച ക്ഷേത്രമിരിയ്‌ക്കുന്ന സ്ഥലമായതിനാൽ മർക്കടശ്ശേരി എന്ന നാമത്തിൽ അറിയപ്പെട്ടു. കാലാന്തരത്തിൽ അത് ലോപിച്ച് മക്രേരി എന്ന് അറിയപ്പെട്ടു.
പെരളശ്ശേരി ദർശനം പൂർത്തിയാകണമെങ്കിൽ മക്രേരിയിലും കൂടി ദർശനം നടത്തണമെന്നാണ് ചിട്ട. ( ശ്രീ രാമൻ ഹനുമാൻ സ്വാമി ,ഉപദേവതകളായി ഗണപതി, മഹാവിഷ്ണു, ഭഗവതി എന്നിവരും ക്ഷേത്രത്തിൽ കുടികൊള്ളുന്നു).പെരളശ്ശേരിയ്‌ക്ക് മക്രേരി എന്നൊരു വാമൊഴിയുമുണ്ട്. മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ ക്ഷേത്രം.
തുലാം പത്തിന്റെ ഭാഗമായുള്ള തിരി വെക്കൽ വലിയ ആഘോഷമാണ്. വീടുകളിൽ സൂര്യോദയത്തിനു മുമ്പ് ഉണർന്നു കുളിച്ചു ഉമ്മത്ത് വാതിലിനു മുമ്പിൽ, രണ്ടു പലകകൾ ഇടവും വലവുമായി നിരത്തും, പലകയ്‌ക്ക് മുകളിലായി വാഴയിലയും, വാഴയിലയിൽ കുരു മുളക് വള്ളിയുടെ ഇലയും വിരിക്കും, തലേ ദിവസ്സം ഇടിച്ചുണ്ടാക്കി വച്ച അവിൽ നിറയ്‌ക്കും. അവിലിനു മുകളിൽ വാഴപ്പഴവും വയ്‌ക്കും. ഇളനീരും, ചന്ദനത്തിരിയും, കിണ്ടിയിൽ വെള്ളവും വച്ചു നിലവിളക്കും കൊളുത്തും.
തിരി വച്ച് കഴിഞ്ഞാൽ കുട്ടികൾ വരിയായിരുന്നു കൂ, കൂ കൂ എന്ന് കൂവി വിളിക്കും, . അതിനു ശേഷം ക്ഷേത്ര ദർശനവും. തുലാസംക്രമത്തിന് (തുലാം പത്ത് ,പതിനൊന്ന്) കാവേരി സംക്രമം എന്നും പറയാറുണ്ട്. ഗോദാവരി, കൃഷ്ണ, കാവേരി നദികൾ സം ഗമിക്കുന്ന ദിവസ്സങ്ങളാണ് തുലാം പത്തു എന്ന് ഐതിഹ്യം, ഇങ്ങിനെ സംഗമിക്കുന്ന നദിജലം തുലാം പത്തിനും പതിനൊന്നിനും പെരളശ്ശേരി ക്ഷേത്രക്കുളത്തിൽ വരുമെന്നതും വിശ്വാസം. കേരളത്തിൽ ചിറ എന്നറിയപ്പെടുന്ന പാടികളോടുകൂടിയക്ഷേത്ര കുളത്തിൽ തുലാംസംക്രമത്തിന് സ്നാനം ചെയ്യുന്നത് പാപമോക്ഷം ,ശോഗശമനം തുടങ്ങിയവയ്‌ക്ക് ഉത്തമമാണ്. തുലാം പത്തും, പതിനൊന്നിനും പെരളശ്ശേരിയിൽ വിശേഷമായ ഉത്സവങ്ങൾ നടക്കും. മക്രേരി ആഞ്ജനേയ സ്വാമി ക്ഷേത്രപുണ്യദർശനം കഴിഞ്ഞ് തിരിച്ചു വരുമ്പോൾ പെരളശ്ശേരി അമ്പലത്തിൽ നിന്നും അരി അളക്കാനുള്ള നാഴി വാങ്ങും നാല് നാഴിയെന്നാൽ ഒരു ഇടങ്ങഴിയാണ്, പെരളശ്ശേരി അമ്പലത്തിൽ നിന്നും വാങ്ങുന്ന നാഴി വീടുകളിൽ എപ്പോഴും നിറനാഴിയായിരിക്കുമെന്നും വിശ്വാസ്സം.
ആയില്യം നാളിൽ കൂടുതൽ ഭക്തൻമാർ ഇവിടെയെത്താറുണ്ട്. നാഗപൂജയ്‌ക്ക് പ്രാധാന്യമുള്ള ദിവസമാണ് ആയില്യം. എല്ലാ മാസവും വരുന്ന വെളുത്ത ഷഷ്ഠിദിവസങ്ങളും വിശേഷമാണ്. കുഞ്ഞുങ്ങളില്ലാത്ത ദമ്പതികൾ 18 ഷഷ്ഠിവ്രതം നോറ്റുണ്ടാകുന്ന കുഞ്ഞുങ്ങൾക്ക് ഇവിടെ തന്നെയാണ് ചോറൂണ് കൊടുക്കാറുള്ളത്. അന്നേ ദിവസം അന്നദാനവും ,ധനുമാസം അഞ്ചാം തീയതി മുതൽ പന്ത്രണ്ടാം തീയതി വരെയാണ് ക്ഷേത്രത്തിലെ ഉത്സവം കൊണ്ടാടപ്പെടുന്നത് ( ധനു നാലു മുതൽ ഏഴ് വരെ)കൊടിയേറ്റത്തോടെ ആരംഭിക്കുന്ന ഉത്സവത്തിന് കാഴ്ചശ്രീബലി, തിടമ്പുനൃത്തം എന്നിവയും ഉണ്ടാകും. കൂടാതെ ചാക്യാര്‍കൂത്ത്, ഓട്ടന്‍ തുള്ളല്‍,തായമ്പക, കഥകളി എന്നീ കലാപരിപാടികളും അരങ്ങേറുന്നതാണ്. ഭഗവതി സേവ വഴിപാട് പ്രസിദ്ധമാണ്. ഫെബ്രുവരി ഒന്ന് മുതൽ ആറ് വരെ ദ്രവ്യകലശവും നടത്തി വരുന്നു.
പ്രധാന വഴിപാടുകൾ
രാഹു കേതു ദോഷ നിവാരണത്തിന് പത്തു രൂപയ്‌ക്ക് സർപ്പബലി എല്ലാ ദിവസവും നടക്കുന്ന കേരളത്തിലെ ഒരെയൊരു ക്ഷേത്രം.
നാഗപ്രതിഷ്ഠയിൽ മുട്ട “ഒപ്പിക്കും ” മുട്ട ഒപ്പിച്ചാൽ നാഗ ശാപം, വിഷം തീണ്ടൽ, ഇവയൊന്നും സംഭവിക്കുകയില്ലയെന്നും വിശ്വാസ്സം.
നാഗരൂപവും മുട്ടയും വഴിപാട് നടത്തിയാൽ പിന്നെ വീടുകളിൽ നാഗങ്ങളെ കാണില്ല .
കുഞ്ഞുങ്ങളില്ലാത്ത ദമ്പതികൾ തൊട്ടിൽ സമർപ്പണം.
ക്ഷേത്രത്തിലേക്ക് എത്താനുള്ള വഴി
കണ്ണൂരിൽ നിന്നും കൂത്തുപറമ്പ് ലേക്കുള്ള വഴിയിൽ ഏതാണ്ട് 15 കിലോമീറ്റർ സഞ്ചരിച്ചാൽ പെരളശ്ശേരിയിൽ എത്താം.
ജോക്സി ജോസഫ്
Leave a Comment