തിരുവനന്തപുരം: ആധാർകാർഡ് സൗജന്യമായി പുതുക്കാനുള്ള അവസരത്തിന് ഇനി ഒൻപത് ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. പത്ത് വർഷത്തിലധികം പഴക്കമുള്ള ആധാർ കാർഡാണ് അപ്ഡേറ്റ് ചെയ്യേണ്ടത്. നിങ്ങളുടെ മേൽവിലാസമോ, ജനനത്തിയതിയോ, മറ്റ് വിവരങ്ങളോ സൗജന്യമായി തിരുത്തണമെങ്കിൽ ജൂൺ 14 വരെയാണ് സമയമുള്ളത്. ജൂൺ 14ന് ശേഷം പുതുക്കുന്നവർ ഓൺലൈനിലും ഫീസ് നൽകേണ്ടിവരും.
10 വർഷത്തിലേറെയായി തങ്ങളുടെ ആധാർ വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യാത്ത പൗരന്മാരോട് അവരുടെ ഐഡന്റിഫിക്കേഷനും വിലാസ തെളിവും ഓൺലൈനായി https://myaadhaar.uidai.gov.in എന്ന വിലാസത്തിൽ 2023 മാർച്ച് 15 മുതൽ ജൂൺ 14 വരെ അപ്ലോഡ് ചെയ്യാനും അപ്ഡേറ്റ് ചെയ്യാനുമാണ് യുഐഡിഎഐ ആവശ്യപ്പെടുന്നത്. ഓൺലൈനിലൂടെ വിവരങ്ങൾ സൗജന്യമായി അപ്ഡേറ്റ് ചെയ്യാം. അക്ഷയ കേന്ദ്രങ്ങൾ വഴി സേവനം ലഭ്യമാകുന്നതിന് 50 രൂപ ഫീസ് നൽകണം.
മുഴുവൻ ആധാർ കാർഡ് ഉടമകളും ഓരോ 10 വർഷം കൂടുമ്പോഴും ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്ന് യുഐഡിഎഐ നിർബന്ധമാക്കിയിട്ടുണ്ട്. ആധാറിനായുള്ള എൻറോൾമെന്റ് തീയതി മുതൽ ഓരോ 10 വർഷം കൂടുമ്പോഴും ആധാർ നമ്പർ ഉടമകൾക്ക്, ഐഡന്റിറ്റി പ്രൂഫും (POI) തെളിവും സമർപ്പിച്ചുകൊണ്ട്, ആധാറിൽ ഒരു തവണയെങ്കിലും അവരുടെ അനുബന്ധ രേഖകൾ പുതുക്കേണ്ടതാണ്. പേര്, ജനനത്തീയതി, വിലാസം മുതലായ ജനസംഖ്യാപരമായ വിശദാംശങ്ങൾ മാറ്റേണ്ട ആവശ്യമുണ്ടെങ്കിൽ, തീർച്ചയായും ഓൺലൈൻ അപ്ഡേറ്റ് സേവനം ഉപയോഗിക്കാവുന്നതാണ്.
Comments