കോട്ടയം: കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഇന്നലെ നടത്തിയ ചർച്ച ഫലം കണ്ടില്ല. വിദ്യാർത്ഥികളുമായി മാനേജ്മെന്റ് നടത്തിയ ചർച്ചയാണ് എങ്ങുമെത്താതെ പോയത്. ഇതേ തുടർന്ന് വിദ്യാർത്ഥികൾ പ്രഖ്യാപിച്ച സമരം അവസാനിപ്പിക്കണമെന്ന മാനേജ്മെന്റിന്റെ ആവശ്യം വിദ്യാർത്ഥികൾ അംഗീകരിച്ചില്ല. പിന്നാലെ ഇന്ന് വീണ്ടും വിദ്യാർത്ഥി പ്രതിനിധികളെ ചർച്ചക്ക് വിളിച്ചിട്ടുണ്ട്.
ശ്രദ്ധയെ മാനസികമായി പീഡിപ്പിച്ച ഹോസ്റ്റൽ വാർഡനും ഫുഡ് ടെക്നോളജി ഡിപ്പാർട്മെന്റ് മേധാവിക്കുമെതിരെ നടപടികളെടുക്കണമെന്നും ചുമതലയിൽ നിന്ന് മാറ്റി നിർത്തണമെന്നുമാണ് വിദ്യാർത്ഥികളുടെ ആവശ്യം. പോലീസ് നടപടി വൈകുന്നത് സംബന്ധിച്ചും വിദ്യാർത്ഥികൾ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് നടക്കാനിരിക്കുന്ന ചർച്ച വളരെയധികം നിർണായകമാണ്. അതേ സമയം കോളജിലേക്ക് എബിവിപി ഇന്ന് പ്രതിഷേധ മാർച്ച് നടത്തും.
കുഴഞ്ഞു വീണെന്ന് പറഞ്ഞാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചതെന്ന് ദൃക്സാക്ഷി വെളിപ്പെടുത്തിയിരുന്നു. കോളജ് അധികൃതർ ഡോക്ടർമാരെ തെറ്റിദ്ധരിപ്പിച്ചു. ആശുപത്രിയിൽ എത്തിച്ച കുട്ടിയുടെ മുഖത്ത് സിസ്റ്റർമാർ തട്ടി നോക്കി. കൂടെയുണ്ടായിരുന്ന സ്ത്രീ കുട്ടിയെ എങ്ങെനെയെങ്കിലും രക്ഷിക്കണം എന്ന് പറഞ്ഞു. ആദ്യം പ്രഥമ ശുശ്രൂഷയാണ് നൽകിയത്. ശേഷം സിസ്റ്റർമാർ റൂമിലൂടെ വേഗത്തിൽ പോകുന്നത് കണ്ടു. പിന്നാലെ തങ്ങളെ ആ റൂമിൽ നിന്നും പുറത്തേക്ക് ഇറക്കി. കുറച്ചു കഴിഞ്ഞ് കുട്ടി തൂങ്ങിമരിച്ചതെന്ന് സിസ്റ്റർമാർ പരസ്പരം ആംഗ്യം കാണിച്ചു. തുടർന്ന്, മൃതഹേഹം മോർച്ചറിയിലേക്ക് കൊണ്ട് പോകുകയായിരുന്നുവെന്ന് ദൃക്സാക്ഷി വ്യക്തമാക്കി.
Comments