കണ്ണൂർ: വൈദ്യുതി ലൈനിലെ ജോലിക്കിടെയുണ്ടാകുന്ന അപകടങ്ങളിൽ മരിക്കുന്ന കരാർ ജീവനക്കാരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിൽ കെഎസ്ഇബിയ്‌ക്ക് വിവേചനം. അഞ്ച് ലക്ഷത്തിന് മുകളിലുള്ള അടങ്കൽ തുകയുള്ള കരാർ ജോലികൾ ഏറ്റെടുത്ത് നടത്തുന്ന കരാറുകാരുടെ തൊഴിലാളികൾ മരണപ്പെടുകയാണെങ്കിൽ നഷ്ടപരിഹാരം കെഎസ്ഇബി നൽകില്ല. നഷ്ടപരിഹാരം നൽകുന്നതിൽ ബോർഡിന് ഉത്തരവാദിത്തമില്ലെന്നാണ് കെഎസ്ഇബിയിൽ നിന്നും ലഭിച്ച വിവരാവകാശ രേഖകളിൽ പരാമർശിച്ചിട്ടുള്ളത്.
ജോലിക്കിടെ അപകടമരണം സംഭവിക്കുന്നവരുടെ ആശ്രിതർക്ക് എംപ്ലോയീസ് കോമ്പൻസേഷൻ ആക്ട് 1923 പ്രകാരം നഷ്ടപരിഹാരം നൽകേണ്ടതുണ്ട്. ഇതനുസരിച്ച് അഞ്ച് ലക്ഷം രൂപ വരെ അടങ്കൽ തുകയുടെ കരാർ ജോലികൾ ചെയ്യുന്നതിനിടയിൽ ജീവൻ നഷ്ടപ്പെട്ടാൽ മാസവേതനത്തിനും പ്രായത്തിനും ആനുപാതികമായ സാമ്പത്തിക സഹായം നൽകണം. ഇതിന് പുറമേ ശവസംസ്‌കാര ചെലവിനായി 5,000 രൂപയും നൽകേണ്ടതുണ്ട്.
അഞ്ച് ലക്ഷത്തിൽ കൂടുതൽ അടങ്കൽ തുകയുടെ ജോലികൾ ഏറ്റെടുക്കുന്ന കരാറുകാരൻ ഇയാളുടെ കീഴിൽ ജോലി ചെയ്യുന്ന മുഴുവൻ തൊഴിലാളികൾക്കും അപകട ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കേണ്ടതുണ്ട്. അപകട മരണം സംഭവിക്കുന്നവരുടെ ആശ്രിതർക്ക് ഇതിലൂടെ നഷ്ടപരിഹാരം ഉറപ്പു വരുത്തണം എന്നാണ് കെഎസ്ഇബി നൽകുന്ന വിശദീകരണം.
കഴിഞ്ഞ ഏഴ് വർഷത്തിനടിയിൽ വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പണിയ്‌ക്കിടെ ജീവൻ നഷ്ടമായത് 79 പേർക്കാണ്. 2016 ഏപ്രിൽ ഒന്ന് മുതൽ 2023 മാർച്ച് 31 വരെയുള്ള കണക്കാണിത്. ഒരു വർഷം ശരാശരി 11 പേർക്ക് വൈദ്യുതി ലൈനിലെ ജോലിക്കിടെ ജീവൻ നഷ്ടമാകുന്നുണ്ട്. എന്നാൽ തൊഴിലാളികൾക്ക് കൂടുതൽ സുരക്ഷാ ഉറപ്പ് വരുത്തുകയോ ധനസഹായം വർദ്ധിപ്പിക്കുകയോ കെഎസ്ഇബി ചെയ്തിട്ടില്ല.
Comments