തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ആൾമാറാട്ടക്കേസിൽ ഒത്തുകളിച്ച് പോലീസ്. യൂണിയൻ തിരഞ്ഞെടുപ്പിൽ ആൾമാറാട്ടം നടത്തിയ എസ്എഫ്‌ഐ ഏരിയ സെക്രട്ടറി വിശാഖിനെ ഇതുവരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടില്ല. കൂടാതെ യുയുസിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടും മാറ്റി നിർത്തപ്പെട്ട അനഘയുടെ മൊഴി രേഖപ്പെടുത്താനും പോലീസ് ഇതുവരെ തയ്യാറായിട്ടില്ല.
യുയുസി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകൾ പോലീസ് ശേഖരിച്ചെങ്കിലും കേസിന്റെ ബാക്കിയുള്ള നടപടി ക്രമങ്ങൾ മന്ദഗതിയിലാണ്. ശേഖരിച്ച രേഖകളൊക്കെയും പരിശോധിച്ചു വരികയാണെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം. നിലവിൽ വിശാഖ് ഒളിവിലായതിനാലാണ് കസ്റ്റഡിയിലെടുക്കാൻ സാധിക്കാത്തതെന്നാണ് പോലീസിന്റെ വാദം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിശാഖിന്റെയും പ്രിൻസിപ്പൽ ചുമതല വഹിച്ചിരുന്ന ഷൈജുവിന്റെയും അറസ്റ്റ് ഉടൻ ഉണ്ടാകും എന്ന് മാത്രമാണ് പോലീസ് പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ച് യാതൊരു നടപടിക്രമങ്ങളും പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം.
കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലറായി ജയിച്ച അനഘ എന്ന പെൺകുട്ടിയുടെ പേരിന് പകരം എസ്എഫ്‌ഐ ഏരിയാ സെക്രട്ടറി വിശാഖിന്റെ പേരാണ് പ്രിൻസിപ്പാൾ സർവകലാശാലയ്‌ക്ക് അയച്ചത്. കോളേജിൽ നിന്ന് സർവകലാശാലയ്‌ക്ക് നൽകിയ പട്ടികയിൽ വിശാഖിന്റെ ചിത്രവുമുണ്ട്. നൽകിയിരിക്കുന്ന കത്തിൽ ഇരുവരുടെയും ഒപ്പുമുണ്ട്. സംഭവത്തിൽ ആൾമാറാട്ടം, വിശ്വാസവഞ്ചന, ഗൂഢാലോചന, വ്യാജരേഖ ചമയ്‌ക്കൽ എന്നിവയിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്കും ജില്ലാ പോലീസ് മേധാവിക്കും കാട്ടാക്കട പോലീസിനും കേരള സർവകലാശാല രജിസ്ട്രാർ പരാതി നൽകിയിരുന്നു.
















Comments