ഇന്ന് യുവാക്കളിൽ പോലും സാധാരണമാണ് ഹൃദയസംബന്ധമായ രോഗങ്ങൾ. ഒരുകാലത്ത് പ്രായമായവരിൽ മാത്രം കണ്ടുവന്നിരുന്ന ഹൃദയാഘാതം ഇപ്പോൾ ചെറുപ്പക്കാരിലും റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഗുജറാത്തിലെ പേരുകേട്ട കാർഡിയോളജിസ്റ്റും 41-കാരനുമായ ഡോ. ഗൗരവ് ഗാന്ധി കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം മരിച്ചത് ഏറെ ഞെട്ടലുളവാക്കിയിരുന്നു. 16,000-ത്തോളം ഹൃദയശസ്ത്രക്രിയ പൂർത്തിയാക്കിയ യുവഡോക്ടറുടെ മരണം നിരവധി സംശയങ്ങൾ ഉന്നയിക്കുന്നതിനും കാരണമായി. കാർഡിയോളജിസ്റ്റായി പ്രവർത്തിക്കുന്നവർക്ക് ഹൃദയസംബന്ധമായ രോഗങ്ങൾ പിടിപെടാനുള്ള സാധ്യത കൂടുതലാണോ എന്നുള്ളതാണ് പ്രധാനമായും ഉയരുന്ന ചോദ്യം.
സാധ്യതയുണ്ടെന്ന് തന്നെയാണ് ആരോഗ്യവിദഗ്ധർ ഇതിന് മറുപടി നൽകുന്നത്. ജോലിയുടെ സമ്മർദ്ദവും ആശുപത്രികളിൽ നിന്നുള്ള അണുബാധയുമെല്ലാം ഡോക്ടർമാർക്ക് വളരെ വേഗം രോഗം പിടിപെടുന്നതിന് കാരണമാകുന്നു. ” മറ്റേതൊരു മനുഷ്യനെയും പോലെ കാർഡിയോളജിസ്റ്റും ഇതര വിഭാഗത്തിലെ ഡോക്ടർമാരും ഹൃദയാഘാത സാധ്യതയുടെ പട്ടികയിൽപ്പെടുന്നവരാണ്. ഉയർന്ന രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ, ബ്ലഡ് ഷുഗർ തുടങ്ങിയ രോഗങ്ങൾക്ക് പുറമേ, മാനസിക സമ്മർദ്ദം, ഉദാസീനമായ ജീവിതശൈലി, ക്രമരഹിതമായ ഭക്ഷണ ശീലങ്ങൾ എന്നിവയെല്ലാം ഏതൊരു കാർഡിയോളജിസ്റ്റിനേയും ഹൃദ്രോഗിയാക്കാൻ കാരണമാകുന്നതാണ്. ” നോയിഡയിലെ ഫോർട്ടിസ് ഹോസ്പിറ്റൽ കാർഡിയോളജി ഡയറക്ടർ ഡോ. സഞ്ജീവ് ഖേര പറഞ്ഞു.
”ഗുജറാത്തിലെ ഹൃദ്രോഗ വിദഗ്ധനായ ഗൗരവ് ഗാന്ധി 41-ാം വയസിൽ ഹൃദയാഘാതം മൂലം മരിച്ചുവെന്നത് ഞെട്ടിപ്പിക്കുന്നതാണ്. ചെറുപ്പക്കാർക്കിടയിൽ ഹൃദയാഘാതം സംഭവിക്കുന്നുവെന്നത് ഇന്ത്യയിൽ ഇപ്പോൾ സാധാരണമായി മാറിക്കഴിഞ്ഞു. കഴിഞ്ഞ ഏതാനും കാലങ്ങളായി റിപ്പോർട്ട് ചെയ്യപ്പെട്ട ഹൃദയാഘാതങ്ങളിൽ 50 ശതമാനത്തിലധികവും 50 വയസിന് താഴെയുള്ളവരിലാണ്. ഇന്ത്യയിൽ സാധാരണയായി ജീവിക്കുന്ന ഒരു മനുഷ്യന്റെ ശരാശരി ആയുർദൈർഘ്യം 68 ആണ്. എന്നാൽ ഡോക്ടർമാരിൽ ഇത് 59 വയസ് മാത്രമാണെന്നതാണ് യാഥാർത്ഥ്യം. ” ഫരീദാബാദ് എൻസിആറിലെ കാർഡിയോളജി വിദഗ്ധനായ ഡോ. ഗജീന്ദർ കെആർ ഗോയൽ പ്രതികരിച്ചു.
”ഒരു ഡോക്ടറുടെ കരിയർ എന്നുള്ളത് തീർത്തും സമ്മർദ്ദപൂരിതമാണ്. ഗുരുതരാവസ്ഥയിലാകുന്ന രോഗികളെക്കുറിച്ച് അവർക്ക് നിമിഷങ്ങൾക്കുള്ളിൽ തീരുമാനമെടുക്കേണ്ടി വരും. ജോലി നൽകുന്ന സമ്മർദ്ദത്തേക്കാൾ അവരുടെ രോഗികളുടെ ക്ഷേമത്തിനായി സമ്മർദ്ദം അനുഭവിക്കുന്നവരാണ് ഡോക്ടർമാർ. പലപ്പോഴും രോഗികളെ പരിചരിക്കുന്നതിനായി അവർ സ്വന്തം ആരോഗ്യം അവഗണിക്കുന്നു. ഇത് ഡോക്ടർമാരിൽ രോഗസാധ്യത വർധിപ്പിക്കുന്നു” കെആർ ഗോയൽ കൂട്ടിച്ചേർത്തു.
Comments