ഇടുക്കി: ജനങ്ങൾക്ക് ശല്യമാകുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്നും മാറ്റിയത്. പാർട്ടി നേതാക്കൾ അടക്കമുള്ളവരുടെ പ്രതിഷേധത്തിന് പിന്നാലെയായിരുന്നു നടപടി. എന്നാൽ അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്നും നാടുകടത്താൻ സമരം ചെയ്യുന്നവർക്ക് പിന്നിൽ വൻകിട എസ്റ്റേറ്റ് ഉടമകളായിരുന്നു എന്ന ആരോപണം തുടക്കത്തിൽ തന്നെ ശക്തമായിരുന്നു. 86 ലക്ഷം മുടക്കി അരികൊമ്പൻ എന്ന കാട്ടാനയെ അതിന്റെ സ്വന്തം ആവാസവ്യവസ്ഥയിൽ നിന്നും സർക്കാർ പറിച്ചുമാറ്റുന്നത് സ്ഥലത്തെ റിസോർട്ട് മാഫിയയ്‌ക്ക് വേണ്ടിയാണുന്നുള്ള ആരോപണം ചിന്നക്കനാലിലെ നാട്ടുകാരിൽ വലിയ ഒരുപക്ഷം ആരോപിച്ചിരുന്നു. അത് സത്യമാണ് എന്ന് തെളിയിക്കുകയാണ് അരിക്കൊമ്പൻ പോയതോടെ ചിന്നക്കനാലിലുണ്ടായ മാറ്റങ്ങൾ.
ചിന്നക്കനാലിലും സൂര്യനെല്ലിയിലുമടക്കം അനധികൃത റിസോർട്ടുകൾ വ്യാപകമായി പ്രവർത്തിക്കുകയാണ്. ചിന്നക്കനാലിലെ ചക്കകൊമ്പനും മൊട്ടവാലനുമെല്ലാം അനധികൃതമായി പണികഴിപ്പിച്ച ടെന്റ് ഹൗസുകൾക്ക് സമീപം മിക്കപ്പോഴു വന്നുപോകാറുമുണ്ട്. ജനങ്ങളുടെ ജീവന് യാതൊരു സുരക്ഷയും കൽപ്പിക്കാതെയാണ് മിക്ക റിസോർട്ടുകളും ചിന്നക്കനാലിലും പരിസര പ്രദേശങ്ങളിലും പ്രവർത്തിച്ചു വരുന്നത്. മിക്ക ടെന്റ് ഹൗസുകളും വ്യാജ പട്ടയ ഭൂമിയിലും കയ്യേറ്റ ഭൂമിയിലുമാണ് സ്ഥിതി ചെയ്യുന്നതും. അരിക്കൊമ്പന്റെ വിഹാരകേന്ദ്രമായിരുന്ന 301 കോളനിയിലും നിരവധി ടെന്റ് ക്യാമ്പുകൾ കാണാം. യാതൊരു അനുമതിയും ഇല്ലാതെയാണ് ആനത്താരകളടക്കം കയ്യേറി ടെന്റ് ക്യാമ്പുകൾ പണിതിരിക്കുന്നത്.
ചിന്നക്കനാലിലും സൂര്യനെല്ലിയിലും 301 കോളനിയിലും മറ്റ് പരിസര പ്രദേശങ്ങളിലുമടക്കം ടെന്റ് ഹൗസുകളും റിസോർട്ടുകളും വന്നതോടെ വന്യജീവി ശല്യം വർദ്ധിക്കുകയാണ്. റിസോർട്ട് അടങ്ങുന്ന ചിന്നക്കനാലിലെ വനപ്രദേശങ്ങൾ വിൽക്കാൻ വേണ്ടി പരസ്യം നൽകിയതും ഭൂമാഫിയകളുടെ സാന്നിധ്യമാണ് തെളിയിക്കുന്നത്. അരിക്കൊമ്പനെ മാറ്റേണ്ടത് റിസോർട്ട് മാഫിയകളുടെയും അവർ സ്വാധീനിച്ച വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും രാഷ്‌ട്രീയക്കാരുടെയും ആവശ്യമായിരുന്നു എന്ന ആരോപണങ്ങൾ ശക്തമാകുമ്പോഴാണ് അനധികൃതമായി ടെന്റ് ഹൗസുകളും റിസോർട്ടുകളും ഉയരുന്നത്. അരിക്കൊമ്പനെ ചിന്നക്കനാലിൽ തിരികെ എത്തിക്കണമെന്നാവശ്യപ്പെട്ട് മേഖലയിലെ വനവാസി വിഭാഗങ്ങൾ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിച്ചു വരികയാണ്.
















Comments