തൃശൂർ: ഗുരുവായൂർ ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയ സംഭവത്തിൽ കോട്ടയത്ത് അറസ്റ്റിലായ ആലത്തൂർ സ്വദേശിയായ യുവതിക്കെതിരെ ഉയരുന്നത് നിരവധി പരാതികൾ. യുവതി നിരവധി ആളുകളെ ഇത്തരത്തിൽ കബളിപ്പിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. ആലത്തൂർ വെങ്ങന്നൂർ സ്വദേശിനിയായ രേഷ്മ രാജപ്പനെതിരെയാണ് ജോലി വാഗ്ദാനം നൽകി കബളിപ്പിച്ചുവെന്ന പേരിൽ തട്ടിപ്പിനിരയായവർ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. കോട്ടയം ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതിയെ ആലത്തൂരിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം ആലത്തൂർ കോടതിയിൽ ഹാജരാക്കുകയും കോട്ടയത്തേക്ക് തിരികെ കൊണ്ടുപോകുകയുമായിരുന്നു.
ആലത്തൂരിൽനിന്ന് മാത്രം ഇതുവരെ മൂന്ന് പരാതികളാണ് ലഭിച്ചിട്ടുള്ളത്. വെങ്ങന്നൂർ ആലക്കൽ ഹൗസിൽ പ്രകാശന്റെ മകൻ പ്രവീഷിൽ നിന്ന് രണ്ട് തവണകളിലായി പത്ത് ലക്ഷം രൂപയും വെങ്ങന്നൂർ ബാലന്റെ മകൾ മഞ്ജുഷയിൽ നിന്ന് രണ്ടു തവണകളിലായി 5,50,000 രൂപയും ആലത്തൂർ കുനിശ്ശേരി മുല്ലക്കൽ സുശാന്തിൽ നിന്ന് 2,70,000 രൂപയും യുവതി കബളിപ്പിച്ചു കൈക്കലാക്കിയിരുന്നു. 2022 മെയ്, ജൂൺ മാസങ്ങളിലായാണ് ഇവരിൽ നിന്നും പണം കൈപ്പറ്റിയത്. തട്ടിപ്പിന്റെ വ്യാപ്തി ഇതിൽ മാത്രം നിൽക്കുന്നതല്ലെന്ന് ആലത്തൂർ എസ് ഐ എസ്. അനീഷ് വ്യക്തമാക്കി.
കോട്ടയം കറുകച്ചാൽ, തൃശൂർ ഗുരുവായൂർ, പാലക്കാട് നോർത്ത്, വടക്കഞ്ചേരി, നെന്മാറ എന്നീ പോലീസ് സ്റ്റേഷൻ പരിധികളിലായി നിരവധി ആളുകൾ രേഷ്മയുടെ തട്ടിപ്പിനിരയായിട്ടുണ്ട്. 25 ലക്ഷത്തിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. ആലത്തൂരിൽ തട്ടിപ്പിന് കൂട്ടുനിന്ന രണ്ടുപേർ കൂടി കേസിൽ പ്രതികളാകുമെന്നാണ് ലഭിക്കുന്ന സൂചന. ഇവരിൽ ഒരാൾ പോലീസ് ഉദ്യോഗസ്ഥനാണ് എന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്. ദേവസ്വം വിജിലൻസ് എന്ന് ബോർഡ് വെച്ച കാറിലാണ് ജോലി ആവശ്യപ്പെടുന്നവരെ കാണാൻ രേഷ്മ എത്തിയിരുന്നത്. ഇതിന് പുറമേ കോട്ടയത്ത് വിവാഹ വാഗ്ദാനം നൽകി യുവാവിൽ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയതായും യുവതിക്കെതിരെ കേസ് നിലവിലുണ്ട്.
















Comments