കോഴിക്കോട്: വെള്ളിയാഴ്ച ജുമാഅ സമയത്ത് പി.എസ്.സി അറബി പരീക്ഷ നടത്താൻ പാടില്ലെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ്. ഇസ്ലാം മത വിശ്വാസികൾക്ക് വളരെ പ്രാധാന്യമേറിയ ജുമുഅ നമസ്‌കാരത്തിന്റെയും പ്രാർഥനയുടെയും സമയമാണ് അതിനാൽ പരീക്ഷയുടെ സമയം മാറ്റണമെന്നാണ് ജമാഅത്ത് ഇസ്ലാമിയുടെ യുവജന വിഭാഗത്തിന്റെ ആവശ്യം. ഇത് സംബന്ധിച്ച് സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട് കേരള പി.എസ്.സി ചെയർമാൻ ഡോ.എം.ആർ ബൈജുവിന് പരാതി നൽകിയിട്ടുണ്ട്.
ജൂൺ 23 വെള്ളിയാഴ്ച നടത്താൻ തീരുമാനിച്ച എച്ച്.എസ്.എസ്.ടി അറബിക് പരീക്ഷയുടെ സമയം മാറ്റണമെന്ന ആവശ്യമാണ് സോളിഡാരിറ്റി മുന്നോട്ട് വെക്കുന്നത്. രാവിലെ 11.15 മുതൽ ഉച്ചക്ക് 1.45 വരെയാണ് പരീക്ഷ. ഇത് ജുമആയുടെ നേരമാണ്. ആ സമയത്ത്പരീക്ഷ എഴുതുന്നത് വിശ്വാസികൾക്ക് പ്രയാസം സൃഷ്ടിക്കും. അതിനാൽ അടിയന്തരമായി മാറ്റിവെക്കണമെന്നാണ് അവരുടെ ആവശ്യം. വെള്ളിയാഴ്ച പി.എസ്. സി പരീക്ഷകൾ നടത്തുന്നതിനെതിരെ സൂചന നൽകിയിരുന്നെന്നും എന്നിട്ടും ആവർത്തിക്കുന്നത് നിരാശാജനകമാണെന്നും ചെയർമാന് അയച്ച കത്തിൽ പറയുന്നു.
എതെങ്കിലും പ്രത്യേക വിഭാഗത്തിന്റെ സൗകര്യം നോക്കി പരീക്ഷകളുടെ സമയം തീരുമാനിക്കണം എന്ന് ആവശ്യപ്പെടുന്നത് സംസ്ഥാനത്ത് ആദ്യ സംഭവമല്ല. എസ്എസ്എൽസി, പ്ലസ്ടു അടക്കമുള്ള പൊതു പരീക്ഷകൾക്ക് വെള്ളിയാഴ്ചകളിൽ സമയമാറ്റമുണ്ട് .
Comments