കൊല്ലം: കടയ്‌ക്കലിൽ തനിയെ താമസിച്ചിരുന്ന റിട്ട. അദ്ധ്യാപികയായ സ്ത്രീയെ ആക്രമിച്ച് സ്വർണവും പണവും കവർന്നു. ആക്രമണത്തിൽ പരിക്കേറ്റ സ്ത്രീ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഏഴ് പവൻ സ്വർണവും 7,000രൂപയുമാണ് വീട്ടിൽ നിന്നും മോഷ്ടിച്ചത്.
കടയ്‌ക്കൽ പോലീസ് സ്‌റ്റേഷന് സമീപമുള്ള വീട്ടിൽ കഴിഞ്ഞ ദിവസം ഉച്ചയ്‌ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. 77-കാരിയായ റിട്ടയേഡ് അദ്ധ്യാപിക ഓമനയുടെ വായിൽ തുണി തിരുകി കൈകൾ കെട്ടി ബന്ധിയാക്കി കഴുത്തിൽ കത്തിവെച്ചായിരുന്നു മോഷണം നടത്തിയത്. ഉറങ്ങുന്നതിനായി മുറിയിൽ കയറിയ ഓമന കട്ടിലിനടിയിൽ മോഷ്ടാവിനെ കണ്ടു. പിന്നാലെ ഓമനയെ കെട്ടിയിട്ട് മോഷണം നടത്തുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
ആക്രമണത്തിൽ പരിക്കേറ്റ ഓമനയെ ആദ്യം കടയ്‌ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയകൾക്ക് വിധേയയാക്കി. പരാതിയെ തുടർന്ന് കടയ്‌ക്കൽ പോലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതിയെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ ഊർജിതമാക്കി. മോഷ്ടാവ് തൊപ്പിയും കണ്ണടയും ധരിച്ച് കറുത്തു തടിച്ച ആളാണെന്നാണ് ഓമനയുടെ മൊഴി. സ്ഥലത്ത് വിരലടയാള വിദഗ്ധരെത്തി തെളിവുകൾ ശേഖരിച്ചു.
Comments