14-കാരനെ തന്റെ കമ്പനിയിൽ എഞ്ചിനീയറായി ജോലിയ്‌ക്കെടുത്ത് ഇലോൺ മസ്‌ക്. സ്‌പേസ് എക്‌സിൽ നിയമിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി മാറിയിരിക്കുകയാണ് കൈരാൻ ക്വാസി. ചൊവ്വയിലേക്ക് മനുഷ്യരെ അയക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിൽ കമ്പനിയിൽ നിർണായക പങ്കാളിയാകും ക്വാസി എന്നാണ് വിലയിരുത്തൽ.
കാലിഫോർണിയയിലെ പ്ലസന്റൺ സ്വദേശിയാണ് 14-കാരൻ കൈരാൻ ക്വാസി. 11-ാം വയസിലാണ് കംപ്യൂട്ടർ സയൻസിൽ എഞ്ചിനീയറിംഗ് പഠനം ക്വാസി ആരംഭിച്ചത്. ഈ മാസം അവസാനത്തോടെ സാന്താ ക്ലാര സർവകലാശാലയിൽ നിന്ന് കംപ്യൂട്ടർ സയൻസിലും എഞ്ചിനീയറിംഗിലും ബിരുദം നേടും. ടെക് രംഗത്തെ ഭീമന്മാർ പോലും പരാജയപ്പെട്ട് പോകുന്ന അതിസാങ്കേതിക വെല്ലുവിളി നിറഞ്ഞ ഇന്റർവ്യൂ ആണ് ക്വാസി രസകരവും ലളിതവുമായി വിജയിച്ചത്. അമ്മയ്‌ക്കൊപ്പമെത്തിയാണ് ക്വാസി ജോലിയിൽ പ്രവേശിക്കാനെത്തിയത്.
ചെറുപ്പം മുതൽ അസമാന്യ ബുദ്ധിയാണ് ക്വാസി പ്രകടിപ്പിച്ചിരുന്നതെന്ന് അമ്മ പറയുന്നു. രണ്ട് വയസുള്ളപ്പോൾ തന്നെ കുഞ്ഞ് ക്വാസി സ്പുടമായി സംസാരിക്കാൻ തുടങ്ങി. തുടർന്ന് റോഡിയോയിൽ കേൾക്കുന്ന വാർത്തകളും വിവരങ്ങളും അവൻ ചുറ്റുമുള്ളവരോട് തെറ്റാതെ പറഞ്ഞ് തുടങ്ങി. അങ്ങനെ തന്റെ മകന്റെ പഠനത്തിലെയും മറ്റ് കഴിവുകളും മനസിലാക്കി ഒൻപതാം വയസിൽ മാതാപിതാക്കൾ ക്വാസിയെ കമ്യൂണിറ്റി കോളേജിൽ ചേർക്കുകയായിരുന്നു. തുടർന്ന് പഠനം വളരെ രസകരമായിരുന്നുവെന്ന് ക്വാസിയും പറയുന്നു.
ചരിത്ര കാലഘട്ടങ്ങളിൽ ക്രമീകരിച്ച അസ്സാസിൻസ് ക്രീഡ് സീരീസ് പോലെയുള്ള ഗെയിമുകൾ കളിക്കുന്നതിലും പുസ്തക വായനയുമാണ് ഇഷ്ടവിനോദങ്ങൾ. ഫിലിപ് കെ. ഡിക്കിന്റെ സയൻസ് ഫിക്ഷൻ കഥകളും സാമ്പത്തിക പ്രതിസന്ധികളിൽ വൈദഗ്ധ്യം നേടിയിട്ടുള്ള പത്രപ്രവർത്തകൻ മൈക്കൽ ലൂയിസിന്റെ കൃതികളുമാണ് ക്വാസി ഏറെയും വായിക്കുന്നത്. അടുത്തിടെയാണ് ജോലിയ്‌ക്കായി തയ്യാറെടുക്കുന്നുവെന്ന് സമൂഹമാദ്ധ്യമങ്ങൾ വഴി അറിയിച്ചത്. തൊട്ടുപിന്നാലെയാണ് സ്‌പേസ് എക്‌സിൽ നിയമനം ലഭിച്ചത്.
Comments