ന്യൂയോർക്ക്: ലോക കേരളാസഭയെ വിവാദമാക്കാനാണ് ശ്രമം നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള സഭയെ വിവാദമാക്കാൻ വാർത്തകൾ സൃഷ്ടിക്കുമ്പോൾ ഇകഴ്‌ത്തപ്പെടുന്നത് താനല്ല, കേരളമാണ്. ലക്ഷങ്ങൾ ചിലവിട്ടാണ് മുഖ്യമന്ത്രിക്ക് അടുത്ത് ഇരിക്കുന്നത് എന്നാണ് കേരളത്തിലെ പ്രചാരണം. ഒരാൾ അടുത്ത് വന്ന് ചുമലിൽ കൈ വെച്ചപ്പോൾ ചുമലിൽ നിന്ന് കയ്യെടുക്ക് എന്ന മുന്നറിയിപ്പ് കൊടുത്തെന്നും പിണറായി വിജയൻ പറഞ്ഞു.
ലോക കേരളാ സഭയ്‌ക്കെതിരെ വിവാദം ഉണ്ടാക്കണം എന്ന ശ്രമഫലമായി പല വാർത്തകളും വന്നു. ഞാൻ ഇവിടെ വന്നിരുന്നപ്പോൾ എന്റെ ചുറ്റും വന്ന് കുറേ ആളുകൾ നിന്നു. എത്ര ലക്ഷം കൊടുത്തിട്ടാണ് അവർ ചുറ്റും വന്ന് നിന്നതെന്ന് എനിക്കറിയില്ല. കേരളത്തിൽ പ്രചരിപ്പിക്കാൻ നോക്കിയത് ഒരു നിശ്ചിത ലക്ഷം കൊടുത്താൽ മാത്രമെ മുഖ്യമന്ത്രിക്ക് അടുത്ത് വന്നിരിക്കാൻ പറ്റുവൊള്ളൂ എന്നാണ്. വന്നിരുന്ന ഒരാൾ എന്റെ ചുമലിൽ കൈ വച്ചപ്പോൾ ഞാൻ പറഞ്ഞു, അതങ്ങ് വിട്ടു കളാ..ചുമലീന്ന് കയ്യെടുത്തേടാ.
നട്ടാൽ പൊടിക്കാത്ത നുണ പ്രചരിപ്പിക്കുന്നതിന്റെ അർത്ഥം എന്താണ്. ആരെയാണ് അതിലൂടെ ഇകഴ്‌ത്താൻ നോക്കുന്നത്. എന്നെ ഉദ്ദേശിച്ചാണെങ്കിൽ, എന്നെ ഇക്‌ഴത്താൻ കഴിയില്ല. അത് നമ്മുടെ നാടിനെയാണ് ഇകഴ്‌ത്തുന്നത്. പണ്ട് പറയാറില്ലേ, പല്ലിൽ കുത്തീട്ട് മണിപ്പിച്ച് നോക്കുക എന്ന്. ആ ഒരു രീതിയിലേയ്‌ക്കാണ് അധഃപതിക്കുന്നത്. അഢംബര ഹോട്ടലിൽ പരിപാടി നടത്തുന്നു എന്നാണ് മറ്റൊരു ആരോപണം. പഴയ കാലമല്ല. വലിയ ഹോട്ടലുകളാണ് വരുന്നത്. പട്ടണങ്ങളിലെ സമ്മേളനങ്ങൾ എല്ലാം വലിയ ഹോട്ടലുകളിൽ തന്നെയാണ് നടക്കുന്നത്- മുഖ്യമന്ത്രി പറഞ്ഞു.
















Comments