ഇന്ത്യയുടെ തെക്കുപടിഞ്ഞാറാൻ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് കൊച്ചുവേളിയിൽ നിന്നൊരു ട്രെയിൻ യാത്ര പുറപ്പെട്ടാലോ? ചരിത്ര പ്രസിദ്ധമായ തീർത്ഥാടന കേന്ദ്രങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളും സന്ദർശിക്കാനായി ഇന്ത്യൻ റെയിൽവേ സുവർണവസരമൊരുക്കുകയാണ്. ഐആർസിടിസിയുടെ അടുത്ത ട്രെയിൻ ജൂൺ 17-ന് കൊച്ചുവേളിയിൽ നിന്ന് ആരംഭിക്കും.
മൈസൂർ, ഹംപി, ഷിർദി, ശനി ശിംഗനാപൂർ, നാസിക്, ഗോവ എന്നിവിടങ്ങൾ സന്ദർശിക്കാനുള്ള അവസരമാണ് ഐആർടിസി നൽകുന്നത്. ഭാരത് ഗൗരവ് ടൂർ പാക്കേജ് വഴിയാണ് ഈ സുവർണാവസരം. കൊച്ചുവേളി, കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, ഒറ്റപ്പാലം, പാലക്കാട് ജംഗ്ഷൻ, പോടന്നൂർ ജംഗ്ഷൻ, ഈറോഡ് ജംഗ്ഷൻ, സേലം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.
വാഡിയാർ രാജവംശത്തിന്റെ ഔദ്യോഗിക വസതിയായിരുന്ന മൈസൂർ കൊട്ടാരം, ബൃന്ദാവൻ ഗാർഡൻ, മഹിഷാസുരനെ വധിച്ച ചാമുണ്ഡേശ്വരി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ചാമുണ്ഡി ഹിൽസ്, റെയിൽവേ മ്യൂസിയമായ മൈസൂർ റെയിൽ മ്യൂസിയം, ഏഷ്യയിലെ ഏറ്റവും ഉയരമുള്ള ക്രൈസ്തവ ദേവാലയങ്ങളിലൊന്നായ മൈസൂരിലെ സെന്റ് ഫിലോമിന കത്തീഡ്രൽ എന്നിവ സഞ്ചാരികൾക്ക് സന്ദർശിക്കാവുന്നതാണ്. യുനെസ്‌കോ ലോക ഹൈതൃക കേന്ദ്രമായ ഹംപി, ആത്മീയ ഗുരുവായ ശ്രീ സായി ബാബയുടെ തീർത്ഥാടന കേന്ദ്രമായ ഷിർദി സായി ബാബ ക്ഷേത്രം, ശനീശ്വര ക്ഷേത്രമായ ശനിശിംഗനാപൂർ എന്നിവയും സന്ദർശിക്കാവുന്നതാണ്. ജ്യോതിർലിംഗ ക്ഷേത്രമായ ത്രയംബകേശ്വർ ക്ഷേത്രം, രാമായണത്തിൽ പ്രതിപാദിച്ചിരിക്കുന്ന പഞ്ചവടിയും 1961 വരെ പോർച്ചുഗീസ് ഭരണത്തിൽ കഴിഞ്ഞുവന്ന ഗോവയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളും കാണാൻ ഭാരത് ഗൗരവ് ട്രെയിൻ അവസരമൊരുക്കുന്നുണ്ട്. കലൻഗുട്ട് ബീച്ച്, വാഗത്തോർ ബീച്ച്, ബസിലിക്ക ഓഫ് ബോം ജീസസ് സെ കത്തീഡ്രൽ എന്നിവയും യാത്രയിൽ സന്ദർശിക്കാം.
ജൂൺ 17-ന് ആരംഭിക്കുന്ന യാത്ര പ്രശസ്ത സ്ഥലങ്ങൾ സന്ദർശിച്ച് ജൂൺ 26-ന് തിരികെ എത്തും. എസി 3 ടയർ, സ്ലീപ്പർ ക്ലാസ് എന്നിവ ചേർന്ന് ആകെ 754 വിനോദസഞ്ചാരികളെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ. യാത്രക്കാരുടെ സുരക്ഷയ്‌ക്കായി എല്ലാ കോച്ചുകളിലും സുരക്ഷാ ജീവനക്കാരുടെ സേവനവും അത്യാധുനിക സിസിടിവി ക്യാമറകളും സജ്ജീകരിച്ചിട്ടുണ്ട്. നോൺ എസി ക്ലാസിലെ യാത്രയ്‌ക്ക് സ്റ്റാൻഡേർഡ് എന്ന വിഭാഗത്തിൽ ഒരാൾക്ക് 18,350 രൂപയും തേർഡ് എസി ക്ലാസിലെ യാത്രയ്‌ക്ക് കംഫർട്ട് എന്ന വിഭാഗത്തിൽ ഒരാൾക്ക് 28,280 രൂപയുമാണ്. ബുക്കിംഗ് സമയത്ത് തിരഞ്ഞെടുത്ത ക്ലാസ് അനുസരിച്ച് സ്ലീപ്പർ ക്ലാസിലോ 3 എസിയിലോ ട്രെയിൻ യാത്ര നടത്താം. മടക്കയാത്രയിൽ മംഗലാപുരം, കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, തൃശൂർ, എറണാകുളം ടൗൺ, കോട്ടയം, കൊല്ലം, കൊച്ചുവേളി എന്നിവിടങ്ങളിൽ ഇറങ്ങാവുന്നതാണ്.
എസി ഹോട്ടലുകളിലാകും രാത്രി താമസം. രാവിലെ ചായ, ഉച്ചഭക്ഷണം, അത്താഴം എന്നിവ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടൂർ എസ്‌കോർട്ടിന്റെയും സുരക്ഷാ ജീവനക്കാരുടെയും സേവനം ഉടനീളം ഉണ്ടാകും. കേന്ദ്ര/ സംസ്ഥാന സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർക്ക് പ്രത്യേക സൗകര്യവും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി IRTC വെബ്‌സൈറ്റ് സന്ദർശിക്കുക.
















Comments