തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ തിരഞ്ഞെടുപ്പ് വിവാദവുമായി ബന്ധപ്പെട്ട കേസിൽ പോലീസ് അന്വേഷണം മന്ദഗതിയിൽ. കേസെടുത്ത് ഇതുപത് ദിവസം പിന്നിട്ടിട്ടും പ്രതികളെ ചോദ്യം ചെയ്യാനോ അറസ്റ്റ് ചെയ്യാനോ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. രണ്ടാം പ്രതി എസ്എഫ്‌ഐ നേതാവ് വിശാഖ് ഇപ്പോഴും ഒളിവിൽ തുടരുകയാണ്. പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിക്കാനായി പോലീസ് ഒത്തുകളിക്കുന്നു എന്നാണ് ഉയരുന്ന ആക്ഷേപം.
മെയ് 17-നാണ് കാട്ടാക്കട ക്രിസ്ത്യൻ കോളേജ് തിരഞ്ഞെടുപ്പിൽ ആൾമാറാട്ടം സംബന്ധിച്ച വാർത്ത പുറത്തു വരുന്നത്. തിരഞ്ഞെടുപ്പിൽ വിജയിച്ച യുയുസി അനഘയുടെ പേരിന് പകരം യൂണിവേഴ്‌സിറ്റിയ്‌ക്ക് കൈമാറിയത് എസ്എഫ്‌ഐ നേതാവ് വിശാഖിന്റെ പേരായിരുന്നു. സംഭവത്തിൽ ഗവർണർ ഇടപെട്ടതോടെ പ്രിൻസിപ്പലിനും വിശാഖിനുമെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുവാൻ സർവകലാശാല തീരുമാനിച്ചു. പിന്നാലെ മെയ് 21-ന് സർവകലാശാല രജിസ്ട്രാർ നൽകിയ പരാതിയിൽ കാട്ടാക്കട പോലീസ് കേസെടുത്തു.
കോളേജിൽ പരിശോധനയുടെ ഭാഗമായെത്തിയ പോലീസ് കോളേജ് അധികൃതരുടെ മൊഴിയെടുത്തിരുന്നു. കൂടാതെ പരാതി നൽകിയ സർവകലാശാല രജിസ്ട്രാറുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഇതിന് ശേഷം തുടർനടപടികളൊന്നും പോലസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. കേസിൽ പ്രതികളായ മുൻ പ്രിൻസിപ്പൽ ജിജെ ഷൈജുവിന്റെയും വിശാഖിന്റെയും മൊഴി രേഖപ്പെടുത്തുവാൻ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതിൽ വിശാഖിനെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. കേസന്വേഷണത്തിൽ പുരോഗമനമുണ്ടെന്ന വെറും വാക്കല്ലാതെ പോലീസിന് മറ്റ് മറുപടികളൊന്നും തന്നെയില്ല. കേസിൽ സിപിഎമ്മും പോലീസും തമ്മിൽ ഒത്തുകളി തുടരുകയാണെന്നാണ് ആരോപണം.
ആൾമാറാട്ടം, വ്യാജരേഖ ചമയ്‌ക്കൽ, വഞ്ചന തുടങ്ങി ജാമ്യമില്ലാ വകുപ്പുകളാണ് കേസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് വിശാഖ് എന്ന വാർത്തയും പുറത്ത് വന്നിരുന്നു. ഈ ആവശ്യവുമായി തിരുവനന്തപുരം സെഷൻസ് കോടതിയിൽ എത്തിയ ഷൈജുവിന്റെ ഹർജിയിൽ വാദം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
Comments