ന്യൂഡൽഹി: അതിതീവ്ര ചുഴലിക്കാറ്റ് ബിപോർജോയ് നാളെ തീരം തൊടുമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മഹാരഷ്‌ട്ര, ഗുജറാത്ത് തീരപ്രദേശങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകി. സൗരാഷ്‌ട്ര കച്ച് മേഖലകളിൽ നിന്ന് പതിനായിരത്തിൽ അധികം പേരെ മാറ്റി താമസിപ്പിച്ചു. നിലവിൽ മണിക്കൂറിൽ 170 വരെ കിലോമീറ്റർ വേഗതയിലാണ് ബിപോർജോയ് ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നത്.
ചുഴലിക്കാറ്റ് കരയിലേക്കെത്തുമ്പോൾ മണിക്കൂറിൽ 125 മുതൽ 135 വരെ വേഗതിയിൽ ആഞ്ഞടിച്ചേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത മഴയ്‌ക്കും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. കച്ച്, ദ്വാരക, പോർബന്തർ, ജാംനഗർ എന്നിവടങ്ങളിൽ കടൽക്ഷോഭം രൂക്ഷമാണ്. സൗരാഷ്‌ട്ര കച്ച് മേഖലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചുകൊണ്ട് മുൻകരുതൽ നടപടികൾ കേന്ദ്രം വേഗത്തിലാക്കി. ഇവിടങ്ങളിൽ നിന്ന് പതിനായിരത്തിലധികം ജനങ്ങളെ ഇതിനോടകം മാറ്റി താമസിപ്പിച്ചിട്ടുണ്ട്. മത്സ്യബന്ധനം പൂർണ്ണമായും വിലക്കി.
മഹാരാഷ്‌ട്ര, ഗുജറാത്ത് തീരമേഖലയിൽ കേന്ദ്രസംസ്ഥാന ദുരന്തനിവാരണ സേനയും, കര-വ്യോമ -നാവിക സേനകളും അടിയന്തര സാഹചര്യം നേരിടാൻ സജ്ജമായി. ദുരിതാശ്വാസ ക്യാമ്പുകൾ തയ്യാറാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. അതേസമയം മുംബൈയിൽ ജൂഹു ബീച്ചിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഇന്നലെയാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ വിലക്ക് മാറി കടന്ന് അഞ്ചു കുട്ടികൾ കടലിലിറങ്ങിയത്. രണ്ടുപേരെ രക്ഷപ്പെടുത്തിയിരുന്നു.
















Comments