മലയാളസിനിമയുടെ എൺപതുകളിലെയും തൊണ്ണൂറുകളിലെയും എവർഗ്രീൻ നായികമാരുടെ കൂട്ടായ്മയാണ് ലൗലീസ്. ഇതിന്റെ ഭാഗമായി വെള്ളിത്തിരയിലെ പ്രിയനായികമാർ ഒരു വട്ടം കൂടി ഒത്തുകൂടി. മലയാളികളുടെ ഇഷ്ടതാരങ്ങളായ മേനക, അംബിക, കാർത്തിക, മഞ്ജുപിള്ള, ശ്രീലക്ഷ്മി, വിന്ദുജമേനോൻ, സോന നായർ ചിപ്പി, ജലജ എന്നിവരാണ് കൂട്ടായ്മയുടെ ഭാഗമായി ഒത്തുകൂടിയത്.
പ്രിയനായികമാർ ഒത്തുകൂടിയതിന്റെ ചിത്രങ്ങൾ മേനകയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ലൗലസ് സംഘത്തിനൊപ്പം ഹൊറൈസണിൽ വെച്ച് നല്ലൊരു ഉച്ച ഭക്ഷണം കഴിച്ചു. ഒരുപാട് നല്ല ഓർമ്മകളും സന്തോഷവും പങ്കിട്ടു. വീണ്ടും കാണാം ലൗലീസ് എന്നായിരുന്നു മേനക ചിത്രത്തിനൊപ്പം കുറിച്ചത്. താരങ്ങളിൽ ചിലർ വെള്ളിത്തിരയിൽ നിന്നും മാറി നിൽക്കുകയാണെങ്കിലും മറ്റുള്ളവർ സിനിമ-സീരിയൽ മേഖലകളിൽ സജീവമാണ്.
വളരെപ്പെട്ടെന്നാണ് ചിത്രം ആരാധകർ ഏറ്റെടുത്തത്. ഏറ്റവും പ്രിയപ്പെട്ട നായികമാർ, മനോഹരമായ ചിത്രം എന്നിങ്ങനെ തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ നിറയുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് സുഹാസിനിയും ഇത്തരത്തിൽ സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച ചിത്രം വളരെയധികം പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. സമുലതയുടെ മകന്റെ വിവാഹച്ചടങ്ങിന് എത്തിയപ്പോഴുള്ള ചിത്രമായിരുന്നു താരം പങ്കുവെച്ചത്. ലിസി, രാധിക, മേനക, നദിയ മൊയ്തു എന്നിവരായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്.
















Comments