തിരുവനന്തപുരം: കാഴ്ച പരിമിതരുടെ ദന്താരോഗ്യം സംരക്ഷിക്കാൻ വിവിധ പദ്ധതികളടങ്ങുന്ന പ്രോജക്ടുമായി ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കേരള ഘടകം. സംസ്ഥാനതല ഉദ്ഘാടനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബുധനാഴ്ച രാവിലെ 11ന് വഴുതക്കാട് ഗവൺമെന്റ് വിഷ്വലി ഇമ്പെയർഡ് സ്‌കൂളിൽ നിർവഹിക്കും. അസോസിയേഷൻ കേരള ഘടകം സംസ്ഥാന പ്രസിഡന്റ് ഡോ.സംഗീത് ചെറിയാൻ യോഗത്തിൽ അദ്ധ്യക്ഷത വഹിക്കും.
കേരള സർക്കാർ ഡയറക്ടർ ഓഫ് ജനറൽ എഡ്യുക്കേഷൻ എസ്. ഷാനവാസ്, മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ തുടങ്ങിയവർ വിശിഷ്ടാതിഥികളാകും.സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി പൊതുജന ആരോഗ്യത്തിന് പ്രാധാന്യം നൽകി അസോസിയേഷൻ നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി കേരളത്തിലെ കാഴ്ച പരിമിതരുടെ ദന്താരോഗ്യം സംരക്ഷിക്കുന്നതിനും, ദന്തരോഗങ്ങളെക്കുറിച്ചുള്ള അവബോധം കാഴ്ച പരിമിതിയുള്ള കുട്ടികളിൽ വളർത്തുന്നതിനും വേണ്ടിയാണ് പുതിയ പദ്ധതി.സംസ്ഥാനത്തെ 39 ശാഖകളും പദ്ധതിയിൽ പങ്കാളികളാവും.
ചടങ്ങിന്റെ ഭാഗമായി ഇമ്പെയർഡ് സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ തിരുവനന്തപുരം ശാഖ ഇലക്ട്രിക് ടൂത്ത് ബ്രഷുകൾ സൗജന്യമായി വിതരണം ചെയ്യും. സംസ്ഥാന സെക്രട്ടറി ഡോ ദീബു മാത്യു, ദേശീയ പ്രസിഡന്റ് ഇലക്ട് ഡോ രവീന്ദ്രനാഥ്, ജില്ലാ പ്രസിഡന്റ് ഡോ സിദ്ധാർഥ് നായർ, സെക്രട്ടറി ഡോ സംഗീത, സംസ്ഥാന വുമൺ ഡെന്റൽ കൗൺസിൽ പ്രതിനിധികളായ ഡോ സീതി ബേഗം, ഡോ സാറ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.കേരള ബ്ലൈൻഡ് ഫെഡറേഷനും സഹകരിക്കും. ആറുമാസം അസോസിയേഷന്റെ സേവനങ്ങൾ സംസ്ഥാനത്തെ കാഴ്ച പരിമിതർക്ക് ലഭ്യമാകും.
Comments