ശമ്പളം വർദ്ധിപ്പിക്കുന്നില്ല; ബിവറേജസ് ജീവനക്കാർ പണിമുടക്കിലേക്ക്

Published by
Janam Web Desk

തിരുവനന്തപുരം: സംസ്ഥാനത്തെ ബിവറേജസ് കോർപ്പറേഷൻ യൂണിയനുകൾ പണിമുടക്കിലേക്ക്. ശമ്പള പരിഷ്കരണം നടപ്പിലാക്കുന്നതിൽ ഉദ്യോ​ഗസ്ഥർ കാലതാമസമുണ്ടാക്കുന്നതായി ആരോപിച്ചാണ് പ്രതിഷേധ പണിമുടക്ക് നടത്തുന്നത്. സിഐടിയു, എഐടിയുസി, ഐഎൻടിയുസി യൂണിയനുകളുടെ നേതൃത്വത്തിൽ മാസം 30-നാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് നടന്ന യൂണിയനുകളുടെ യോ​ഗത്തിലാണ് തീരുമാനം.

പൊതുമേഖലയിലും കെഎസ്ബിസിയിലും പതിനൊന്നാം ശമ്പള പരിഷ്ടകരണത്തിന് സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചിട്ടും ഉദ്യോഗസ്ഥ തലത്തിൽ അനാസ്ഥയുണ്ടായതായാണ് സംയുക്ത ട്രേഡ് യൂണിയൻ കോർഡിനേഷന്റെ വാദം. കെഎസ്ബിസി ബോർഡ് 2021 ജൂൺ 23ന് ശമ്പള പരിഷ്‌കാര ഫയൽ അംഗീകരിച്ച് സർക്കാരിനെ അറിയിച്ചിരുന്നു. എന്നാൽ പൊതുമേഖലാ സ്ഥാപനങ്ങളിലെ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ടുള്ള വിദഗ്ധ സമിതി റിപ്പോർട്ട് അംഗീകരിച്ചാൽ മതിയെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചതെന്നാണ് കെഎസ്ബിസിയുടെ പത്രക്കുറിപ്പിൽ പറയുന്നത്.

പണിമുടക്കിന് മുന്നോടിയായി ജൂൺ 20-ന് സംയുക്ത ട്രേഡ് യൂണിയൻ കോർഡിനേഷൻ സെക്രട്ടറിയേറ്റിലേയ്‌ക്ക് മാർച്ചും ധർണയും നടത്തുമെന്നും അറിയിച്ചു.

Share
Leave a Comment