വേദിയിൽ ലൈവ് ആയി പാടുമ്പോൾ തെറ്റുകൾ സംഭവിക്കുന്നത് ഗായകർക്കിടയിൽ സർവ സാധാരണമാണ്. എന്നാൽ ഈ വേളയിൽ അതിനെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലാണ് വ്യത്യാസമുള്ളത്. വേദിയിൽ തെറ്റ് പറ്റി എന്നതിനേക്കാളും ആരാധക സദസ്സ് ഒരു പക്ഷെ ഓർത്തു വെയ്‌ക്കുക ആ സന്ദർഭം എങ്ങനെ കൈകാര്യം ചെയ്തു എന്നതിലാവും. ഗാനം ആലപിക്കുമ്പോൾ പിഴവുപറ്റിയ ഗായികയ്‌ക്കൊപ്പം ചേർന്ന് സന്ദർഭം മനോഹരമായി കൈകാര്യം ചെയ്ത മലയാളികളുടെ പ്രിയ ഗായിക കെ എസ് ചിത്രയുടെ വീഡിയോ ആണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്നത്.
‘വിഴിയോ കതൈയെഴുത്’ എന്ന ഗാനം സ്റ്റേജിൽ ആലപിക്കുന്നതിനിടെ ഗായിക ശ്രീനിഷയ്‌ക്ക് ചെറിയ പിഴവ് സംഭവിച്ചു. ഉടൻ തന്നെ സമയോചിതമായ ഇടപെടൽ കൊണ്ട് മലയാളികളുടെ ഇഷ്ടഗായിക കെഎസ് ചിത്ര സന്ദർഭത്തെ കൈകാര്യം ചെയ്തു. ചിത്ര ഗാനം തിരുത്തി ആലപിക്കുന്നതും തുടർന്ന് ഇടയ്‌ക്ക് കയറി പാടിയതിന് ശ്രീനിഷയോട് ക്ഷമ ചോദിക്കുന്നതും വീഡിയോയിൽ ദൃശ്യമാണ്. വളരെ പെട്ടെന്നായിരുന്നു വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായത്.
വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ നിരവധി ആരാധകരാണ് കമന്റുകളിലൂടെ സന്തോഷം പങ്കുവെച്ചിരിക്കുന്നത്. ചിത്രയുടെ വിനയത്തെക്കുറിച്ചുള്ള കമന്റുകളാണ് ഏറെയും. തന്നെക്കാൾ വളരെ ജൂനിയറായ ഒരു ഗായികയോട് മാപ്പ് പറയാൻ കാണിച്ച ചിത്രയുടെ മനസ്ഥിതിയെ പ്രശംസിച്ച് ആരാധകർ ‘വിനയമാണ് വിജയത്തിന്റെ അടിസ്ഥാനം’ എന്നും കുറിച്ചു.
















Comments