പുള്ളിപ്പുലിയെയും പുള്ളിമാനെയും നിങ്ങൾ കണ്ടിരിക്കാം. എന്നാൽ പുള്ളിപ്പല്ലിയെ കണ്ടിട്ടുണ്ടോ.. അതേ, ശരീരത്തിൽ നിറയെ വെള്ള പുള്ളികളുള്ള പല്ലി തന്നെ.. വിചിത്രമായ ഈ ജീവിയെ ഇന്ത്യയിലെ ഒരു കൂട്ടം ഗവേഷകരാണ് കണ്ടെത്തിയിരിക്കുന്നത്. ഫ്‌ളൈയിംഗ് ഗെക്കോ വിഭാഗത്തിൽപ്പെടുന്ന ഈ ജീവി പുതിയ ഇനം സ്പീഷിസാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. കണ്ടെത്തിയത് മിസോറാമിലായതിനാൽ സംസ്ഥാനത്തിന്റെ പേരാണ് കക്ഷിക്ക് ഇട്ടിരിക്കുന്നത്.
മിസോറാം പാരച്യൂട്ട് ഗെക്കോ അഥവാ ഗെക്കോ മിസോറാമെൻസിസ് എന്നാണ് വിചിത്ര പല്ലിക്ക് പേരിട്ടത്. ഇതുവരെ ലോകത്ത് കണ്ടെത്തിയിട്ടുള്ള വ്യത്യസ്തയിനം ഗെക്കോകളുടെ പട്ടികയിലേക്കാണ് മിസോറാം പാരച്യൂട്ടും ഇനി ചേർക്കപ്പെടുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ജൈവവൈവിധ്യത്തെ ഉയർത്തിക്കാട്ടുന്നതിനും മിസോറാം പാരച്യൂട്ട് ഗെക്കോ കാരണമായിരിക്കുകയാണ്.
പാദങ്ങൾക്ക് അടിയിലുള്ള സൂക്ഷ്മ രോമങ്ങളുടെ ശൃംഖല മൂലം അത് പശയുള്ള ഒരു പാഡുപോലെ പ്രവർത്തിക്കുന്നു. ഇതുവഴി ഏത് ഉപരിതലത്തിലും പറ്റിപ്പിടിച്ചിരിക്കാൻ സാധിക്കുന്ന ജനിതക ഘടനയാണ് ഫ്‌ളൈയിംഗ് ഗെക്കോകൾക്ക് ഉള്ളത്. സാധാരണ പല്ലികൾക്കുള്ള പല സവിശേഷതകളും അടങ്ങിയിരിക്കുന്നതിനാൽ ഇവയെ പല്ലികളുടെ ഗണത്തിൽ തന്നെയാണ് ഗവേഷകർ ഉൾപ്പെടുത്തുന്നത്. ഇവ ഒരിടത്ത് നിന്ന് മറ്റൊരു ഉപരിതലത്തിലേക്ക് ചാടുകയാണെങ്കിൽ ശരീരം ചിറക് പോലെ പ്രവർത്തിക്കുകയും നിലത്ത് പതിക്കുന്നതിന്റെ വേഗത കുറയ്‌ക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് ഫ്ളൈയിംഗ് ഗെക്കോ എന്ന പേര് ഇത്തരം പല്ലികൾക്ക് ലഭിച്ചത്.
















Comments