ആലപ്പുഴ: ഉദ്ഘാടനം നടത്തി ആറുമാസം മാത്രം പിന്നിട്ട പാലത്തിന്റെ അപ്രോച്ച് റോഡ് തകർന്നു. ആലപ്പുഴ പുന്നപ്രയിലാണ് സംഭവം. പത്തു കോടി ചെലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയ പുന്നപ്ര വടക്ക് പഞ്ചായത്തിലെ പൂന്തിരം പാലത്തിന്റെ അപ്രോച്ച് റോഡാണ് തകർന്നത്. നിർമ്മാണത്തിലെ അപാകതയാണ് റോഡിന്റെ തകർച്ചയ്‌ക്ക് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.
പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ആഘോഷപൂർവ്വം ഉദ്ഘാടനം നിർവഹിച്ച് മാസങ്ങൾ തികയും മുൻപാണ് പുന്നപ്ര വടക്ക് പഞ്ചായത്തിലെ പൂന്തിരം പാലത്തിന്റെ അപ്പ്രോച്ച് റോഡ് തകർന്നടിച്ചത്. രണ്ടു മഴ മാത്രം കഴിഞ്ഞപ്പോൾ അപ്രോച്ച് റോഡ് തകർന്നു. പഞ്ചായത്തിലെ പ്രധാന കാർഷിക മേഖലയായ കുറുവ പാടേത്തേക്ക് 200 മീറ്റർ റോഡാണ് പറവൂർ പൂന്തിരം റോഡിനൊപ്പം നിർമ്മിച്ചത്.
പാലം നിർമ്മാണം പൂർത്തിയായത് 2002 മെയ് മാസത്തിലാണ്. ജനുവരി 31-ന് ആയിരുന്നു പൊതുമരാമത്ത് നിർമ്മിച്ച പാലവും റോഡും ഉദ്ഘാടനം ചെയ്തത്. റോഡിന്റെ മറ്റുഭാഗങ്ങളും തകർച്ച ഭീഷണിയിൽ ആണെന്ന് പ്രദേശവാസികൾ ആശങ്കപ്പെടുന്നു. അതേസമയം പൊതുമരാമത്ത് ഉദ്യോഗസ്ഥർ റോഡും പാലവും പരിശോധിച്ച് പൊളിഞ്ഞുവീണ ഭാഗത്ത് പണി ആരംഭിച്ചു.
Comments