എറാണാകുളം: കാലടി സംസ്‌കൃത സർവകലാശാല യുവജനോത്സവത്തിന്റെ രക്ഷാധികാരി സ്ഥാനത്ത് നിന്ന് അങ്കമാലി എംഎൽഎ റോജി എം ജോൺ പിന്മാറി. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയെ സംഘാടകസമിതിയിൽ ഉൾപ്പെടുത്തിയതും കലോത്സവത്തിൽ രാഷ്‌ട്രീയം കൊണ്ടുവന്നതും ചൂണ്ടിക്കാട്ടിയാണ് റോജിയുടെ പിന്മാറ്റം. സ്ഥലം എംഎൽഎയായ തന്നെ സംഘാടക സമിതിയിൽ ഉൾപ്പെടുത്തിയെന്ന് മാദ്ധ്യമങ്ങൾ വഴിയാണ് അറിഞ്ഞതെന്നും റോജി എം ജോൺ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
ഇന്നലെ തുടങ്ങിയ കലോത്സവത്തിന്റെ സമിതിയിൽ സ്ഥലം എംപിയെ ഒഴിവാക്കുകയും ആർഷോയെയും മഹിളാ അസോസിയേഷൻ ജില്ലാ നേതാവിനെ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. യാതൊരു മാനദണ്ഡവും കൂടാതെ രാഷ്‌ട്രീയതാത്പര്യം മാത്രം മുൻനിർത്തിയാണ് സംഘാടക സമിതി രൂപീകരിച്ചത്. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയും സിപിഎം ഏരിയാ സെക്രട്ടറിയും മറ്റ് സിപിഎം എസ്എഫ്‌ഐ നേതാക്കളും എന്തിന്റെ അടിസ്ഥാനത്തിലാണ് സമിതിയുടെ ഭാഗമായതെന്ന് അറിയില്ലെന്നും എംഎൽഎ പോസ്റ്റിൽ പറയുന്നു. സ്ഥലം പഞ്ചായത്ത് പ്രസിഡന്റിനെ ഉൾപ്പെടുത്താതെ മുൻ പഞ്ചായത്ത് പ്രസിഡന്റിനെ ഉൾപ്പെടത്തിയെന്നും റോജി ചൂണ്ടിക്കാട്ടി.
‘ഒരു പെൺകുട്ടിയെ ജാതി അധിക്ഷേപം നടത്തുന്നതും, പരീക്ഷ എഴുതാതെ പാസാകുന്നതുമൊക്കെ ഒരു സർവകലാശാല യുവജനോത്സവത്തിന്റെ സംഘാടക സമിതിയുടെ രക്ഷാധികാരിയാകാൻ വേണ്ട ‘ക്വാളിഫിക്കേഷൻ’ ആണെന്ന് അറിഞ്ഞില്ല. എന്തായാലും അത്തരം ക്വാളിഫിക്കേഷൻ തനിക്ക് ഇല്ലാത്തത് കൊണ്ടും നാടിന്റെ ഉത്സവമായി നടത്തേണ്ട കലോത്സവം രാഷ്‌ട്രീയവത്കരിച്ചതിലും പ്രതിഷേധിച്ച് കലോത്സവ സംഘാടക സമിതിയിൽ നിന്നും വിട്ടുനിൽക്കുന്നു എന്നും റോജി എം ജോൺ പറഞ്ഞു.
കാലടി സംസ്‌കൃത സർവകലാശാല യുവജനോത്സവത്തിന്റെ കൂറ്റൻ ഫ്ളക്സ് ബോർഡ് ഉപയോഗിച്ച് കലാലയത്തിലെ ശങ്കാരാചാര്യരുടെ പ്രതിമ മറിച്ചതിലും പ്രതിഷേധം ശക്തമായിരുന്നു. കനത്ത വിവാദങ്ങൾക്കിടയിൽ രാഷ്‌ട്രീയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് എസ്എഫ്ഐ യുവജനോത്സവങ്ങൾ നടത്തുന്നത്.
















Comments