തൃശൂർ: ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ ഹണിട്രാപ്പിൽപ്പെടുത്തി പണം കവർന്ന സംഭവത്തിൽ യുവതിയുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. രാമമംഗലം സ്വദേശികളായ പ്രിൻസ് (23), അശ്വതി (25), കൊട്ടാരക്കര സ്വദേശി അനൂപ് (23) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളത്തെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനെക്കാരനെയാണ് തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് പണം കവർന്നത്.
ഡേറ്റിംഗ് ആപ്പിലൂടെ അനു എന്ന വ്യാജ അക്കൗണ്ട് വഴി യുവാവിനെ കബിളിപ്പിക്കുകായിരുന്നു. താൻ കോലഞ്ചേരി സ്വദേശിയാണെന്നും ബെംഗളൂരുവിൽ പഠിക്കുകയാണെന്നും നേരിൽ കാണാമെന്നും പറഞ്ഞ് മെസേജ് അയച്ചു. കോലഞ്ചേരിയിലെ ബസ് സ്റ്റോപ്പിലെത്തിയ യുവാവിനെ കാറിൽ എത്തിയ രണ്ട് പ്രതികൾ ബലമായി പിടിച്ചു വാഹനത്തിൽ കയറ്റി. സഹോദരിയ്‌ക്ക് മെസേജ് അയച്ചതിന് പോലീസിൽ പരാതി കൊടുക്കുമെന്ന് പറഞ്ഞായിരുന്നു മർദ്ദനം. തുടർന്ന് യുവാവിനെ
ഭീഷണിപ്പെടുത്തി 23000 രൂപ അക്കൗണ്ട് വഴിയും പേഴ്സിലെ പണവും കവർന്ന ശേഷം റോഡിൽ ഉപേക്ഷിക്കുകയായിരുന്നു. തിരിച്ച് വീട്ടിലെത്തിയ യുവാവ് സുഹൃത്തുക്കളോട് ഇക്കാര്യങ്ങൾ പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പോലീസിൽ പരാതി കൊടുക്കുകയായിരുന്നു.
നഗരത്തിലെ സിസിടിവി ക്യാമറകൾ പരിശോധിച്ച് പ്രതികൾ വന്ന വാഹനം തിരിച്ചറിഞ്ഞു. തുടർന്ന് രാമമംഗലം പാലത്തിന്റെ സമീപത്തുവെച്ച് പ്രതികളെ അറസ്റ്റ് ചെയ്തു. പ്രതികൾ മൂന്നുപേരും വർഷങ്ങളായി ബെംഗളൂരിലും ഗോവയിലുമായാണ് താമസിക്കുന്നത്. 2021 മുതൽ ഇവർ സോഷ്യൽ മീഡിയയിലൂടെ വ്യാജ അക്കൗണ്ടുകൾ വഴി പരിചയപ്പെടുന്നവരെ ഭീഷണിപ്പെടുത്തി പണം വാങ്ങുന്നതായി അന്വേഷണത്തിൽ പോലീസ് കണ്ടെത്തിയിട്ടുണ്ട്. വിവിധ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും ഡേറ്റിംഗ് ആപ്പുകളിലും സ്ത്രീകളുടെ പേരിൽ പ്രൊഫൈൽ തുടങ്ങിയ ശേഷം ആൾക്കാരുമായി സൗഹൃദത്തിലാകും. പിന്നീട്
ചാറ്റ് ചെയ്ത് നേരിൽ കാണുന്നതിനായി വിളിച്ചുവരുത്തി ഫോട്ടോ എടുക്കുകയും ഭീഷണിപ്പെടുത്തി പണം കൈക്കലാക്കുകയും ചെയ്യുന്നതാണ് ഈ തട്ടിപ്പ് സംഘത്തിന്റെ രീതി.
Comments