ലക്നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അവലോകനം ചെയ്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുഖ്യമന്ത്രി ക്ഷേത്രത്തിലെ പ്രതിഷ്ഠയായ രാം ലല്ലയുടെ മുൻപിൽ പ്രാർത്ഥന നടത്തുകയും ചെയ്തു. ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളാണ് ക്ഷേത്ര നിർമ്മാണം സംബന്ധിച്ച വിവരങ്ങൾ മുഖ്യമന്ത്രിയുമായി പങ്കുവെച്ചത്.
നിലവിൽ ക്ഷേത്രത്തിന്റെ താഴത്തെ നിലയുടെ മിനുക്കുപണികൾ അവസാനഘട്ടത്തിലാണ്. മൂന്ന് നിലകളുള്ള ഒന്നാം നിലയുടെ നിർമ്മാണം ജൂൺ അവസാനത്തോടെ ആരംഭിക്കാൻ പദ്ധതിയിടുന്നതുമായാണ് ട്രസ്റ്റ് നൽകുന്ന വിവരം. പ്രധാന ക്ഷേത്രത്തിന് പുറമേ ഗുഢ് മണ്ഡപം, നൃത്യ മണ്ഡപം, പ്രാർത്ഥനാ മണ്ഡപം, കീർത്തന മണ്ഡപം എന്നീ അഞ്ച് മണ്ഡപങ്ങളുമുണ്ടാകും. ക്ഷേത്രത്തിന്റെ ശ്രീലകത്തെ ഗർഭഗൃഹത്തിന്റെ നിർമ്മാണം പൂർത്തിയായതായും അധികൃതർ വ്യക്തമാക്കി.
ലോകം ‘ദിവ്യ, ഭവ്യ, നവ്യ അയോദ്ധ്യ’ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. അയോദ്ധ്യ സന്ദർശിക്കുന്ന ഓരോ ഭക്തനും,വിനോദസഞ്ചാരിയും സമാധാനവും സംതൃപ്തിയും സന്തോഷവുംഅനുഭവിച്ച് മാത്രമാകാണം അയോദ്ധ്യയിൽ നിന്നും മടങ്ങുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നഗരവികസനത്തിന്റെ മാതൃക ഇടമായി അയോദ്ധ്യയെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
ഡിസംബറിനകം വിഗ്രഹപ്രതിഷ്ട നടത്തി ജനുവരിയിൽ ഭക്തർക്ക് ദർശനം അനുവദിക്കും. രാവിലെ 6.30 മുതൽ രാത്രി എട്ട് വരെയായിരിക്കും ദർശന സമയം. ഉച്ചയ്ക്ക് ഒരു മണിക്കൂർ അടച്ചിടും. വിശേഷ ദിവസങ്ങളിൽ 14 മുതൽ 16 മണിക്കൂർ വരെ ദർശനം അനുവദിക്കും. അഞ്ച് ലക്ഷം ഭക്തജനങ്ങൾ വന്നാൽ ഒരാൾക്ക് 17 സെക്കൻഡ് സമയം ദർശനത്തിന് ലഭിക്കും. ഭക്തരും പ്രതിഷ്ഠയും തമ്മിൽ 30 അടിയുടെ അകലമുണ്ടാകും.
20 അടിയിൽ പരന്ന് കിടക്കുന്ന ശ്രീകോവിലിനൊപ്പം 380 അടി നീളവും 250 അടി വീതിയുമുള്ള ക്ഷേത്ര സമുച്ചയമാണ് അയോദ്ധ്യയിൽ യാഥാർത്ഥ്യമാകുന്നത്. മ്യൂസിയം ഉൾപ്പെടെ ക്ഷേത്ര സമുച്ചയം മുഴുവനായും 75 ഏക്കറിലായിരിക്കും സ്ഥിതി ചെയ്യുക. ഒന്നാം നിലയിൽ രാമ ദർബാറിലാണു സീതയുടെ പ്രതിഷ്ഠ. വാത്മീകി, ശബരി, നിഷാദ രാജാവ്, വസിഷ്ഠൻ, വിശ്വാമിത്രൻ, അഹല്യ, അഗസ്ത്യ മുനി എന്നിവർക്ക് ഉപക്ഷേത്രങ്ങളുമുണ്ടാകും. മുഖ്യക്ഷേത്രം 2.8 ഏക്കറിലാണ് പൂർത്തിയായിട്ടുള്ളത്. പ്രദക്ഷിണ വീഥി ഉൾപ്പെടെ എട്ടര ഏക്കറുണ്ട്. ഇത് 2024 ഡിസംബറിൽ പൂർത്തിയാക്കും.. 2025 ഡിസംബറിൽ ക്ഷേത്രത്തിന്റെ എല്ലാ നിർമാണവും പൂർത്തിയാകും. 2020-ലാണ് ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
വിശുദ്ധ നഗരമായ അയോദ്ധ്യയെ ലോകോത്തര വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കുന്നതിനായി ‘അയോദ്ധ്യ വിഷൻ 2047’ -ന്റെ പ്രവർത്തനങ്ങളും യോഗി അവലോകനം ചെയ്തു. അയോദ്ധ്യയെ ലോകത്തിലെ ഏറ്റവും മനോഹരമായ നഗരമാക്കി മാറ്റാനുള്ള തീരുമാനത്തിലാണ് സർക്കാർ. സഹദത്ഗഞ്ചിൽ നിന്ന് നയാ ഘട്ടിലേക്കുള്ള 13 കിലോമീറ്റർ റോഡായ രാംപഥിന്റെ പണി പുരോഗമിക്കുകയാണ്. അയോദ്ധ്യ വിമാനത്താവളവും റെയിൽവേ സ്റ്റേഷനും വിപുലീകരിക്കുകയാണ്. രാംജാനകി പാത, ഭക്തിപാത ഇടനാഴികളുടെ നിർമ്മാണത്തിനുള്ള രൂപരേഖയും സർക്കാർ തയ്യാറായിട്ടുണ്ട്. ഈ ഇടനാഴികൾ യഥാക്രമം ശ്രീരാമ ജന്മഭൂമിയിലേക്കും ഹനുമാൻ ഗർഹി ക്ഷേത്രത്തിലേക്കും ഭക്തർക്ക് കടന്നുപോകാൻ സൗകര്യമൊരുക്കുന്നതാണ്. ഈ ഇടനാഴികളുടെ നീളം 566 മീറ്ററും 700 മീറ്ററും ആയിരിക്കും.
Comments