ന്യൂഡൽഹി: ബിപോർജോയ് അതിതീവ്ര ചുഴലിക്കാറ്റായി മാറിയതിന്റെ പശ്ചാത്തലത്തിൽ ഗുജറാത്തിൽ വൻ ജാഗ്രതാ നിർദ്ദേശം. സംസ്ഥാനത്ത് എട്ട് ജില്ലകളിൽ നിന്നായി 74,000-ത്തോളം പേരെയാണ് അധികൃതർ ഇതിനോടകം മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. പ്രദേശത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി പ്രത്യേക സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്. ഇന്നലെ വൈകുന്നേരത്തോടെ തന്നെ പ്രദേശത്ത് നിന്നും നിവാസികളെ ഒഴിപ്പിക്കൽ നടപടികൾ പൂർത്തീകരിച്ചതായി സംസ്ഥാന ദുരിതാശ്വാസ കമ്മിഷണർ അലോക് പാണ്ഡെ വ്യക്തമാക്കി.
എട്ട് തീരദേശ ജില്ലകളിൽ നിന്നായി 74,345 പേരെ താൽക്കാലിക അഭയകേന്ദ്രങ്ങളിലേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്. കച്ച് ജില്ലയിൽ നിന്ന് മാത്രം 34,300 പേരെയും ജാംനഗറിൽ 10,000 പേരെയും മോർബിയിൽ 9,243 പേരെയും രാജ്‌കോട്ടിൽ 6,089 പേരെയും, ഡിവാർകോട്ടിൽ നിന്ന് 5,089 ആളുകളെയും മാറ്റിപ്പാർപ്പിച്ചു. ജുനഗഢ്, പോർബന്തർ, ഗിർസോമനാഥ് എന്നിവിടങ്ങളിൽ നിന്നായി ഏകദേശം പതിനായിരത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചതായി സർക്കാർ അറിയിച്ചു.
ബിപോർജോയുടെ പശ്ചാത്തലത്തിൽ ഗുജറാത്തിൽ കച്ച്-സൗരാഷ്ട്ര മേഖലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റും മഴയും ഉണ്ടായതോടെ ദ്വാരകയിൽ വ്യാപക നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. നിലവിൽ ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തോട് അടുത്തുകൊണ്ടിരിക്കുകയാണ്. അതിതീവ്ര ചുഴലികാറ്റായി തന്നെ ബിപോർജോയ് കരതൊടുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
ഗുജറാത്ത് മഹാരാഷ്‌ട്ര തീരത്ത് കടൽ ക്ഷോഭവും കനത്ത മഴയും തുടരുകയാണ്. ആറ് മീറ്റർ ഉയരത്തിൽ വരെ തിരകൾ ആഞ്ഞടിക്കാം എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഭുജ് വിമാനത്താവളം വെള്ളിയാഴ്ച വരെ അടച്ചിടാനാണ് തീരുമാനം. 69 ട്രെയിനുകൾ റദ്ദാക്കി. ദ്വാരകയിൽ ദൂരദർശന്റെ ടവർ പൊളിച്ചു മാറ്റി. ആശുപത്രികളിൽ അടിയന്തര സാഹചര്യം നേരിടുന്നതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിച്ചു. ദേശീയ ദുരന്തനിവാരണ സേനയുടെ 18 സംഘങ്ങൾ രക്ഷാപ്രവർത്തനം തുടരുകയാണ്. മൂന്ന് സേന വിഭാഗങ്ങൾക്കും കോസ്റ്റ് ഗാർഡിനും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
















Comments