മുംബൈ; സിനിയർ താരങ്ങളുടെ മോശം പ്രകടനവും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ തോൽവിയും ടീം ഇന്ത്യയെ നിർത്തിയിരിക്കുന്നത് സമാനതകളില്ലാത്ത വിമർശനങ്ങൾക്ക് നടുവിലാണ്. ഇത് മുഖവിലയ്‌ക്കെടുത്ത് തന്നെ വരുന്ന വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ വലിയ അഴിച്ചുപണിയുണ്ടാകുമെന്ന് ബി.സി.സി.ഐ വൃത്തങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. യുവതാരങ്ങൾ കൂടുതൽ അവസരം നൽകുമെന്നാണ് ലഭിക്കുന്ന വിവരം. ഇതിനൊപ്പം ചെന്നൈയ്‌ക്കായും ലോക ടെസ്റ്റ് ചാമ്പ്യൻ ഷിപ്പിലും മികച്ച പ്രകടനം നടത്തിയ രഹാനയ്‌ക്ക് ടെസ്റ്റിലും ഏകദിനത്തിലും ഇടം കിട്ടിയേക്കും. എന്നാൽ ഉമേഷ് യാദവിന്റെയും ചേതശ്വർ പൂജാരയുടെയും സ്ഥാനം നഷ്ടമായേക്കുമെന്നാണ് വിവരം.
ഐപിഎല്ലിൽ വലിയ പ്രകടനങ്ങളൊന്നുമുണ്ടായില്ലെങ്കിലും ഏകദിനത്തിൽ ശ്രേയസ് ഐയ്യർക്ക് പകരമായി സഞ്ജു സാസണെ പരിഗണിച്ചേക്കും. ഇതിനൊപ്പം പഞ്ചാബിന്റെ ഇടംകൈയ്യം ബാറ്റർ ജിതേഷ് ശർമ്മയും ഏകദിനത്തിലേക്ക് പരിഗണിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.ഈ വർഷം ആദ്യം ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിൽ കളിച്ച സഞ്ജുവിന് പരിക്കുമൂലം പുറത്തുപോവേണ്ടി വന്നിരുന്നു. കെ എൽ രാഹുലിന്റെ അഭാവത്തിൽ ഇഷാൻ കിഷൻ ടീമിൽ സ്ഥാനം നിലനിർത്തിയേക്കും.
ഐപിഎല്ലിൽ മിന്നും പ്രകടനം കാഴ്ചവച്ച ജയ്‌സ്വാളും തിലക് വർമ്മയും റിങ്കു സിംഗും ടിട്വന്റയിൽ അരങ്ങേറിയേക്കും. പേസർ മുകേഷ് കുമാറിനും അവസരം ലഭിച്ചേക്കും. ടെസ്റ്റിൽ ഹാർദ്ദിക്കിനെ തിരികെ കൊണ്ടുവരാനും ഐപിഎല്ലിനുശേഷം കൗണ്ടി ക്രിക്കറ്റിൽ കെന്റിനായി കളിക്കുന്ന ഇടം കൈയൻ പേസർ അർഷ്ദീപ് സിംഗിന് ടെസ്റ്റ് ടീമിലേക്ക് സെലക്ടർമാർ പരിഗണിക്കുമെന്നും ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഏകദിന ടിട്വന്റി ടീമിലേക്ക് ഉമ്രാനെ പരിഗണിക്കുന്നതായും സൂചനയുണ്ട്. അയർലൻഡിനെതിരായ ടി20 പരമ്പരയിൽ ഇന്ത്യക്കായി അരങ്ങേറിയ ഉമ്രാൻ മാലിക് ഇതുവരെ ഇന്ത്യക്കായി എട്ട് ഏകദിനങ്ങളിലും എട്ട് ടി20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്.
വെസ്റ്റ് ഇൻഡീസിനെതിരെ രണ്ട് ടെസ്റ്റും മൂന്ന് ഏകിദനവും അഞ്ച് ടി20 മത്സരവുമാണ് ഇന്ത്യ കളിക്കുക. അടുത്ത മാസം 12ന് ഡൊമനിക്കയിലെ വിൻഡ്‌സർ പാർക്കിലാണ് ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് 20ന് ക്യൂൻസ് പാർക്ക് ഓവലിൽ തുടങ്ങും. ഏകദിന പരമ്പര ജൂലൈ 27നും ടി20 പരമ്പര ഓഗസ്റ്റ് മൂന്നിനും തുടങ്ങും.
Comments