ന്യൂഡൽഹി: രാജ്യത്തെ എല്ലാ സ്‌കൂളുകളിലും യോഗ പരിശീലകരെ നിയമിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ആയുഷ്-വിദ്യാഭ്യാസ മന്ത്രാലയങ്ങളുടേതാണ് സംയുക്ത നടപടി. ഇതുവഴി നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയും. കായികപരിശീലനം നൽകുന്ന മാതൃകയിൽ യോഗാഭ്യാസത്തിലും പരിശീലനം നൽകാൻ ‘യോഗ പരിശീലകർ’ എന്ന തസ്തിക സൃഷ്ടിക്കും.
ഡൽഹി, ഗോവ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ പ്രത്യേക യോഗപരിശീലകരും പ്രതിദിന ക്ലാസും ഇപ്പോഴുണ്ട്. സംസ്ഥാന സർക്കാരുകളാണിത് നടത്തുന്നത്. ഈ മാതൃകയാണ് രാജ്യത്താകെ നടപ്പാക്കുകയെന്നും ആയുഷ് മന്ത്രി സർബാനന്ദ സോനോവാൾ വ്യക്തമാക്കി.
ഉന്നതവിദ്യാഭ്യാസരംഗത്തെ ആർട്‌സ്, മെഡിക്കൽ, എൻജിനിയറിങ് പാഠ്യപദ്ധതികളുടെ ഭാഗമാണിപ്പോൾ യോഗ. ദേശീയ വിദ്യാഭ്യാസനയപ്രകാരമുള്ള നാലുവർഷ ബിരുദ കോഴ്‌സുകളിൽ യോഗപഠനത്തിന് പ്രത്യേക ക്രെഡിറ്റും യുജിസി നൽകുന്നുണ്ട്. എൻസിഇആർടി പാഠ്യപദ്ധതിയിൽ നേരത്തേതന്നെ യോഗ പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയിരുന്നു. പ്രായോഗികതലത്തിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുകയാണ് ലക്ഷ്യമെന്ന് ആയുഷ് മന്ത്രാലയം വ്യക്തമാക്കി.
യോഗാസനത്തെ നേരത്തേ കായികമന്ത്രാലയം മത്സര കായിക ഇനമാക്കി മാറ്റിയിരുന്നു. ഇത് വിപുലീകരിക്കുന്നതിനുള്ള നടപടികൾ കായികമന്ത്രാലയവുമായി ചേർന്ന് ആയുഷ് മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. സ്‌കൂൾ, സർവകലാശാല, സംസ്ഥാന, ദേശീയ കായികമത്സരങ്ങളിൽ യോഗാസനം ഉൾപ്പെടുത്തും.
ഇന്ത്യൻ പ്രൊഫഷണൽ ഫുട്ബോൾ ലീഗായ ഇന്ത്യൻ സൂപ്പർ ലീഗിന്റെ മാതൃകയിൽ യോഗ സ്‌പോർട്സ് ലീഗുകളും ഒരുക്കും. ആഗോളതലത്തിൽ യോഗാസനം മത്സരയിനമാക്കി ഒളിമ്പിക്‌സിന്റെ ഭാഗമാക്കുക എന്നതാണ് സർക്കാരിന്റെ ആത്യന്തിക ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. യോഗയെ ഒരു മത്സര കായിക വിനോദമായി വികസിപ്പിക്കുന്നതിന് കായികമന്ത്രാലയത്തിന് കീഴിൽ യോഗാസന സ്‌പോർട്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എൻ.വൈ.എസ്.എഫ്.ഐ.) സ്ഥാപിച്ചിട്ടുണ്ട്.
Comments