കർണാടകയിലെ മതപരിവർത്തന നിരോധന നിയമം സിദ്ധരാമയ്യ സർക്കാർ റദ്ദാക്കി. മന്ത്രി സഭചർച്ചകൾക്ക് ശേഷമാണ് തീരുമാനം. കഴിഞ്ഞ സെപ്റ്റംബറിൽ ബസവരാജ് ബൊമ്മ സർക്കാർ കൊണ്ടുവന്ന നിയമമാണ് റദ്ദ് ചെയ്തത്. ഭേദഗതികളോടെ പുതിയ നിയമം കൊണ്ടുവരുമെന്നാണ് കർണാടക സർക്കാർ അറിയിച്ചിരിക്കുന്നത്. തീരുമാനത്തിൽ വലിയ വിവാദങ്ങളുണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ട്.
ഇക്കഴിഞ്ഞ 2022 ഒക്ടോബറിലാണ് കർണാടകയിൽ മതപരിവർത്തന നിരോധന നിയമം (കർണാടക മത സ്വാതന്ത്ര്യ അവകാശ സംരക്ഷണ ബിൽ -2021) പ്രാബല്യത്തിൽ വന്നത്. അന്നത്തെ ബിജെപി സർക്കാർ കൊണ്ടുവന്ന് ബിൽ നിയമസഭ പാസാക്കുകയായിരുന്നു. കർണാടക പ്രൊട്ടക്ഷൻ ഓഫ് റൈറ്റ് ടു ഫ്രീഡം ഓഫ് റിലീജിയൻ ആക്ട് എന്ന പേരിലാണ് ബിൽ 2022 സെപ്റ്റംബറിൽ നിയമസഭ പാസാക്കിയത്.നിർബന്ധിത മതപരിവർത്തനത്തിന് മൂന്നു മുതൽ 10 വർഷംവരെ തടവും ഒരു ലക്ഷം രൂപവരെ പിഴയുമാണ് നിയമത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്.
സ്‌കൂൾ പാഠപുസ്തകങ്ങളിൽ പുതിയതായി ചേർത്ത പാഠഭാഗങ്ങൾ പിൻവലിക്കാനും തീരുമാനിച്ചു. സവർക്കറിനേയും ഹെഡ്ഗേവാറിനെയും കുറിച്ചുള്ള പാഠങ്ങളും ആർ.എസ്.എസ് ചിന്തകൻ ചക്രവർത്തി സുലിബി എഴുതിയ പാഠവും ഒഴിവാക്കാനാണ് കോൺഗ്രസ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
Comments