തൃശൂർ: തൃശൂരിൽ വീണ്ടും തെരുവ് നായ ആക്രമണം. വല്ലച്ചിറ, ഊരകം മേഖലകളിലുണ്ടായ നായയുടെ ആക്രമണത്തിൽ വിദ്യാർത്ഥികൾ അടക്കം നിരവധി പേർക്ക് പരിക്കേറ്റു. നായയെ പിന്നീട് വാഹനമിടിച്ച് ചത്ത നിലയിൽ കണ്ടെത്തി.
ഇന്ന് രാവിലെ വല്ലച്ചിറയിൽ നിന്നാണ് തെരുവുനായ ആളുകളെ ഓടിച്ചിട്ട് ആക്രമിച്ചു തുടങ്ങിയത്. അതിനുശേഷം ഓടിപ്പോയ നായ ഊരകം ചേർപ്പ് ഭാഗങ്ങളിലും ആളുകളെ ആക്രമിച്ചു. ഇവിടെ നിന്നും ആളുകൾ വടിയും മറ്റും ഉപയോഗിച്ച് ഓടിച്ചു വിട്ട നായയെ പിന്നീട് ഊരകത്ത് വാഹനം ഇടിച്ച് ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു.
ആക്രമണത്തിൽ പരുക്കേറ്റ ഒൻപത് പേർ ചേർപ്പ് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പ്രാഥമിക ചികിത്സ തേടി. ഇവരിൽ ഏഴ് പേരെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ചത്ത നായയെ വെറ്റിനറി ഡോക്ടറുടെ നേതൃത്വത്തിൽ മണ്ണുത്തി വെറ്റിനറി കോളേജിലേക്ക് പോസ്റ്റ് മോർട്ടത്തിനായി കൊണ്ടുപോയി.
കഴിഞ്ഞ ദിവസം ചാവക്കാട് പുന്നയൂർക്കുളം, കുന്നംകുളം, ചിയ്യാരം എന്നിവടങ്ങളിലും തെരുവ് നായ അക്രമണമുണ്ടായിരുന്നു. ജില്ലയിലെ തെരുവ് നായകളുടെ തുടർച്ചയായുള്ള ആക്രമണം ജനങ്ങളെ ഭീതിയിലാഴ്‌ത്തിയിരിക്കുകയാണ്.
















Comments