അഹമ്മദാബാദ് : ബിപാർജോയ് ചുഴലിക്കാറ്റ് ഗുജറാത്തിന് മുകളിൽ ആഞ്ഞടിച്ചപ്പോൾ മിടിക്കുന്ന ഹൃദയം ഓർഗൻ സിറ്റി എന്നറിയപ്പെടുന്ന സൂറത്തിൽ നിന്ന് മുംബൈയിലേക്ക് പറന്നു. ചുഴലിക്കാറ്റിനെ തുടർന്ന് ഹൃദയം എങ്ങനെ മുംബൈയിൽ എത്തിക്കുമെന്ന വെല്ലുവിളി അവയവ ദാതാക്കളുടെ സംഘം നേരിട്ടെങ്കിലും എല്ലാ വെല്ലുവിളികളെയും അതിജീവിച്ചാണ് ഹൃദയം വിമാനമാർഗം മുംബൈയിലേക്ക് കൊണ്ടുപോയത് . 85 മിനിറ്റുകൊണ്ട് 298 കിലോമീറ്റർ ദൂരം താണ്ടി വിമാനമാർഗം മുംബൈയിലെത്തിയ ഹൃദയം രോഗിയിലേക്ക് മാറ്റിവച്ചു.
സൂറത്തിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്ന 42 കാരനായ ദയാനന്ദ് ശിവ്ജി വർമയുടെ കുടുംബമാണ് ദയാനന്ദന്റെ ഹൃദയവും കരളും വൃക്കയും കണ്ണും ആറ് പേർക്ക് ദാനം ചെയ്തത്.ബറൂച്ചിൽ താമസിക്കുന്ന ദയാനന്ദൻ ജിഎസ്എഫ്‌സി ഫൈബർ യൂണിറ്റിലെ കോളനിയിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുകയായിരുന്നു .
ജൂൺ 12ന് രാവിലെയാണ് ദയാനന്ദൻ കുളിമുറിയിൽ ബോധരഹിതനായി വീണത്. ചികിത്സയ്‌ക്കായി കൊസാംബയിലെ അപെക്‌സ് ആശുപത്രിയിൽ എത്തിച്ചു. സ്കാനിംഗിൽ മസ്തിഷ്ക രക്തസ്രാവം കണ്ടെത്തി. കൂടുതൽ ചികിത്സയ്‌ക്കായി ജൂൺ 13 ന് കുടുംബം ദയാനന്ദിനെ സൂറത്തിലെ മൈത്രേയ മൾട്ടി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ജൂൺ 14 ന് ദയാനന്ദ് മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
തുടർന്ന് ഡൊണേറ്റ് ലൈഫ് ടീം ആശുപത്രിയിലെത്തി അവയവദാനത്തിന്റെ പ്രാധാന്യവും അതിന്റെ മുഴുവൻ പ്രക്രിയയും ദയാനന്ദന്റെ ഭാര്യ ശാന്തിദേവി, മകൻ രവികുമാർ, ദയാനന്ദന്റെ സഹപ്രവർത്തകരായ ഭീം ബഹദൂർ, അജയ്കുമാർ സിങ്, യോഗേന്ദ്ര വർമ എന്നിവരോട് വിവരിച്ചതോടെ കുടുംബാംഗങ്ങൾ അവയവങ്ങൾ ദാനം ചെയ്യാൻ സമ്മതിച്ചു . . വളരെ സാധാരണ കുടുംബമാണ് ഞങ്ങളുടേത് , നമുക്ക് ജീവിതത്തിൽ ഒന്നും ദാനം ചെയ്യാൻ കഴിയില്ല. ഇന്ന് എന്റെ ഭർത്താവ് ദാനം ചെയ്തുവെന്നാണ് ദയാനന്ദന്റെ ഭാര്യ ശാന്തിദേവി പറഞ്ഞത്.
.ബോറിവള്ളിയിലെ താമസക്കാരനായ 65കാരനാണ് ഹൃദയം മാറ്റി വച്ചത് . സൂറത്തിലെ മൈത്രേയ മൾട്ടി സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ നിന്ന് 85 മിനിറ്റുകൊണ്ട് വിമാനമാർഗം മുംബൈയിലേക്ക് എത്തിച്ചു. ദാനം ചെയ്ത രണ്ട് വൃക്കകളും അഹമ്മദാബാദിലെ ആശുപത്രിയിൽ നിർധനരായ രണ്ട് രോഗികൾക്ക് മാറ്റിവെക്കും.
മൈത്രേയ മൾട്ടി സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ നിന്ന് സൂറത്ത് എയർപോർട്ടിലേക്കുള്ള റോഡ് അവയവങ്ങൾ എത്തിക്കുന്നതിനായി സൂറത്ത് സിറ്റി പോലീസ് ഗ്രീൻ കോറിഡോർ ഒരുക്കിയിരുന്നു.
















Comments