തിരുവനന്തപുരം: ഹൈറേഞ്ചിൽ റിസോർട്ട് മാതൃകയിൽ മന്ദിരം പണിയാൻ സിപിഐ. പ്രായപരിധി പിന്നിട്ടതിനാൽ പാർട്ടിയുടെ ദേശീയ,സംസ്ഥാന നേതൃസമിതികളിൽ നിന്ന് ഒഴിവാക്കപ്പെടുന്ന മുതിർന്ന നേതാക്കളുടെ കൂട്ടായ്മയ്ക്കും താമസത്തിനുമാണ് മന്ദിരം പണിയുന്നത്. ‘ക്രിയേറ്റീവ് മന്ദിരം’ എന്ന പേരിൽ ഹൈറേഞ്ചിലാണ് പാർട്ടി മന്ദിരം സ്ഥാപിക്കുക.
മുതിർന്ന നേതാക്കളിൽ ചിലർ വാർദ്ധക്യ കാലത്ത് ആശ്രയമന്ദിരങ്ങളിലായിരുന്നു അഭയം തേടിയതെന്നും ഇത് പൊതുസമൂഹത്തിൽ പാർട്ടിയ്ക്ക് അവമതിപ്പുണ്ടാക്കിയതായുമാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. തിരുവനന്തപുരത്ത് പത്ത് കോടി രൂപ മുടക്കി പുതുക്കി പണിയുന്ന എംഎൻ സ്മാരകത്തിന്റെയും വൈക്കത്ത് പി കൃഷ്ണപ്പിള്ളയുടെ വീടിന്റെ പുനഃനിർമ്മാണവും പൂർത്തിയാക്കിയ ശേഷമായിരിക്കും ക്രിയേറ്റീവ് മന്ദിരം സംബന്ധിച്ച നടപടികൾ സ്വീകരിക്കൂവെന്ന് പാർട്ടി നേതൃത്വം അറിയിച്ചു.
75 വയസ് കഴിഞ്ഞവരെയാണ് ദേശീയ- സംസ്ഥാന കൗൺസിലുകളിൽ നിന്ന് പാർട്ടി ഒഴിവാക്കുന്നത്.
Comments