രണ്ട് പ്രതിഭകൾ ഒന്നിക്കുന്ന ചിത്രമായ മലൈക്കോട്ടൈ വാലിബനായുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികൾ. മോഹൻലാലും ലിജോ ജോസ് പെല്ലിശേരിയും ഒന്നിക്കുന്ന വമ്പൻ ഹിറ്റിനാണ് കാത്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന് പാക്കപ്പ് ആയത്. പാക്കപ്പ് പാർട്ടിയിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ചിത്രത്തിന്റെ ഒരു ലൊക്കേഷൻ സ്റ്റിലാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.
മലൈക്കോട്ടൈ വാലിബൻ എന്ന ടൈറ്റിൽ കഥാപാത്രത്തിന്റെ ഗെറ്റപ്പിലുള്ള മോഹൻലാൽ ആണ് ചിത്രത്തിൽ. സിനിമയിലെ സാങ്കേതിക പ്രവർത്തകർക്കൊപ്പം ചിത്രീകരണത്തിന്റെ ഇടവേളയിൽ എടുത്തതെന്ന് തോന്നിപ്പിക്കുന്ന ചിത്രമാണിത്. മോഹൻലാലിന്റെ കഥാപാത്രത്തിന്റെ ഗെറ്റപ്പ് അണിയറ പ്രവർത്തകർ നേരത്തെ പുറത്തുവിട്ട വീഡിയോയിൽ ഉണ്ടായിരുന്നെങ്കിലും ലുക്ക് പൂർണ്ണമായും വെളിപ്പെടുത്തുന്ന ഒരു ചിത്രം ഇപ്പോഴാണ് പുറത്തായത്.
ലിജോ എന്താണെന്ന് നമ്മൾ പഠിച്ചുകൊണ്ടിരിക്കുന്നതേയുള്ളൂ. നമ്മൾ എന്തിനാണ് അദ്ദേഹത്തെ അറിയുന്നത്? അദ്ദേഹം നമ്മളെയാണ് അറിയേണ്ടത്. ഇത് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ലിജോയ്‌ക്കും ഷിജുവിനും ഒപ്പം പ്രവർത്തിച്ച മറ്റെല്ലാവർക്കും നന്ദി. അവിശ്വസനീയമായ ചിത്രീകരണമായിരുന്നു. കാലാവസ്ഥ അടക്കമുള്ള കാരണങ്ങളാൽ ഞങ്ങൾ വലിയ മാനസിക സമ്മർദ്ദങ്ങളിലൂടെ കടന്നുപോയി. പക്ഷേ ഞങ്ങൾ നന്നായി പണിയെടുത്തിട്ടുണ്ട്. സിനിമ ഓടുന്ന കാര്യങ്ങളൊക്കെ പിന്നെയാണ്. ഇന്ത്യൻ സ്‌ക്രീൻ ഇതുവരെ കണ്ടിട്ടില്ലാത്ത ഒന്നാണ് ഞങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്-പാക്കപ്പ് പാർട്ടിയിൽ ആവേശം പങ്കുവെച്ച് കൊണ്ടായിരുന്നു മോഹൻലാലിന്റെ വാക്കുകൾ. ലിജോയുടെ കരിയറിലെ ഏറ്റവും വലിയ കാൻവാസിൽ ഒരുങ്ങുന്ന ചിത്രമാണിത്.
Comments