നേഷൻസ് ലീഗ് ഫൈനലിൽ ക്രൊയേഷ്യയുടെ എതിരാളി സ്‌പെയിൻ; അസൂറിപടയെ തകർത്തത് ഒന്നിനെതിരേ രണ്ടു ഗോളുകൾക്ക്; കലാശക്കളി ഞായറാഴ്ച

Published by
Janam Web Desk

യുവേഫ നേഷൻസ് ലീഗ് ഫുട്ബോൾ ഫൈനലിൽ ക്രൊയേഷ്യയും സ്പെയിനും ഏറ്റുമുട്ടും. ഇന്ന് പുലർച്ചെ നടന്ന സെമിയിൽ യൂറോ ചാമ്പ്യന്മാരായ ഇറ്റലിയെ ഒന്നിനെതിരേ രണ്ടുഗോളുകൾക്ക് തകർത്താണ് ഫൈനൽ ബെർത്തുറപ്പിച്ചത്. മത്സരത്തിന്റെ 88-ാം മിനിറ്റിൽ പകരക്കരനായ ഹൊസേലുവാണ് സ്പാനിഷ് പടയുടെ വിജയഗോൾ നേടിയത്. നേരത്തെ അവർക്കു വേണ്ടി യെരമി പിനോ ലക്ഷ്യം കണ്ടപ്പോൾ സിറോ ഇമ്മൊബൈലിന്റെ വകയായിരുന്നു ഇറ്റലിയുടെ ആശ്വാസഗോൾ. ഇറ്റലി ആദ്യ പകുതിയിൽ ഒരുതവണകൂടി വലകുലുക്കിയെങ്കിലും ഓഫ്‌സൈഡ് വിളിച്ചു.

മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ തന്നെ ലീഡ് നേടിയാണ് സ്പെയിൻ ഇറ്റലിക്കെതിരായ പോരാട്ടം ആരംഭിച്ചത്. തുടക്കത്തിലേ ലഭിച്ച ലീഡ് അധികനേരം സ്പാനിഷ് പടയ്‌ക്ക് നിലനിർത്താനായില്ല. എട്ടു മിനിറ്റിനകം ഇറ്റലി ഒപ്പമെത്തി. പെനാൽറ്റിയിൽ നിന്നായിരുന്നു അവരുടെ സമനിലഗോൾ. മത്സരത്തിന്റെ 10-ാം മിനിറ്റിൽ പെനാൽറ്റി ബോക്സിൽ സ്പാനിഷ് പ്രതിരോധതാരം പന്ത് ‘കൈകാര്യം’ ചെയ്തതിനാണ് റഫറി പെനാൽറ്റി സ്പോട്ടിലേക്ക് വിരൽചൂണ്ടിയത്. കിക്കെടുത്ത ഇമ്മൊബൈൽ പിഴവില്ലാതെ പന്ത് വലയിലെത്തിക്കുകയും ചെയ്തു.

88-ാം മിനിറ്റിൽ വീണ്ടും ഇറ്റാലിയൻ പ്രതിരോധത്തിന്റെ പിഴവ് സ്പാനിഷ് പടയുടെ രക്ഷയ്‌ക്കെത്തി. ഇടത് വിങ്ങിൽ നിന്ന് ജോർഡി ആൽബ നടത്തിയ മുന്നേറ്റം തടഞ്ഞ ഇറ്റാലിയൻ താരം ഫ്രാൻസെസ്‌കോ അക്കെർബിക്കു പക്ഷേ പന്ത് ക്ലിയർ ചെയ്യാനായില്ല. റീബൗണ്ട് പിടിച്ചെടുത്തു റോഡ്രി ബോക്സിനുള്ളിലേക്കു നൽകിയ പാസ് ഹൊസേലു കൃത്യമായി വലയിൽ എത്തിക്കുകയായിരുന്നു.
നേരത്തെ എക്സ്ട്രാ ടൈമിലേക്കു നീണ്ട മത്സരത്തിൽ നെതർലൻഡ്സിനെ തോൽപിച്ചു ക്രൊയേഷ്യയും ഫൈനലിൽ കടന്നിരുന്നു.

Share
Leave a Comment