കാസർഗോഡ് : തെരുവ് നായ ഭീതിയിൽ കാസർഗോഡ് ജില്ല. കഴിഞ്ഞ അഞ്ച് മാസത്തിനിടെ നായയുടെ കടിയേറ്റത് 3000-ലധികം പേർക്കാണ്. ജില്ലയിൽ തെരുവുനായ ശല്യം വർദ്ധിച്ചിട്ടും നടപടിയെടുക്കാതെ മുന്നോട്ടുപോകുകയാണ് അധികൃതർ. കാസർഗോഡ് ജില്ലയുടെ നഗര-ഗ്രാമ വ്യത്യാസമില്ലാതെ തെരുവ് നായ ഭീതി വർദ്ധിച്ചിട്ടും അധികൃതർ അറിഞ്ഞ മട്ടില്ല. ജില്ലാ ഭരണകൂടവും തദ്ദേശവകുപ്പ് അധികൃതരും ഈ വിഷയത്തിൽ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ തെരുവ് നായ കടിക്കുന്നവരുടെ കണക്ക് ഇനിയും വർദ്ധിക്കുമെന്നാണ് ജനങ്ങൾ പറയുന്നത്.
കഴിഞ്ഞ അഞ്ചുമാസത്തിനിടെ നായയുടെ കടിയേറ്റത് 3502 പേർക്കാണ്. ജനുവരിയിൽ 555 പേർക്കും ഫെബ്രുവരിയിൽ 696 പേർക്കും മാർച്ചിൽ 777 യും ഏപ്രിൽ 647 മേയ് 658 പേർക്കും കടിയേറ്റു. ഈ മാസത്തിന്റെ ആദ്യ രണ്ടുവാരം തന്നെ 190 പേർക്കാണ് കടിയേറ്റത്. ഒപ്പം കഴിഞ്ഞവർഷം ആകെ കടിയേറ്റത് 6154 പേർക്കാണ്.
എന്നാൽ ഇത്രയധികം ഈ ഞെട്ടിക്കുന്ന കണക്കുകളും മുന്നിലുണ്ടായിട്ടും നായ ശല്യത്തിന് പരിഹാരം കണ്ടെത്തുവാൻ അധികൃതർക്ക് കഴിയുന്നില്ല. അതേസമയം നായകളുടെ ആക്രമണത്തിൽ ജനങ്ങൾ മാത്രമല്ല വളർത്തുമൃഗങ്ങളും ഇരയാകുന്നു. അതോടൊപ്പം കാസർഗോഡ് ജില്ലയുടെ വിവിധ പ്രദേശങ്ങളിലും മാലിന്യം കുമിഞ്ഞുകൂടുന്നതും നായകളുടെ ശല്യം വർധിക്കാൻ കാരണമാകുന്നു.
















Comments