ഭക്ഷണപ്രേമികളിൽ പലരും ദിവസവും കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒന്നാണ് തൈര്. മലയാളികൾക്കിടയിൽ മാത്രമല്ല, ദക്ഷിണേന്ത്യയിലെ തന്നെ പ്രധാന ആഹാര പദാർത്ഥങ്ങളിലൊന്നാണിത്. ചില വീടുകളിൽ സ്ഥിരം വിഭവമായിരിക്കും തൈര്. പുറത്തുനിന്ന് വാങ്ങിച്ച് തൈര് കഴിക്കുന്നവരും, വീട്ടിൽ തന്നെ തൈര് പാകമാക്കി കഴിക്കുന്നവരും നമുക്കിടയിലുണ്ട്. ‘തൈരില്ലാത്ത അടുക്കളയില്ല’ എന്ന രീതിയിലുള്ള ഗ്രാമങ്ങളും ചില സംസ്ഥാനങ്ങളിൽ കാണാം. രാവിലെയും ഉച്ചയ്‌ക്കും ഒക്കെ തൈര് കൂട്ടി ഭക്ഷണം കഴിക്കുന്ന പലരും രാത്രി തൈര് ഒഴിവാക്കാറുണ്ട്. കാരണം തൈര് രാത്രി കഴിക്കുന്നത് അപകടമാണെന്ന ധാരണ പലർക്കുമിടയിൽ നിലനിൽക്കുന്നതിനാലാണ്..
ഇക്കാര്യത്തിൽ എന്തെങ്കിലും യാഥാർത്ഥ്യമുണ്ടോ എന്ന് തിരക്കാൻ പോലും പോകാതെ രാത്രി തൈര് കഴിക്കുന്നത് നിർത്തിയവരാണ് ഭൂരിഭാഗം പേരും. സത്യത്തിൽ ഇത് ചെയ്യേണ്ടതുണ്ടോ? രാത്രി തൈര് കഴിക്കാമോ? കഴിച്ചാൽ എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുമോ ? അറിയാം..
ആയുർവേദം പറയുന്നത് രാത്രി തൈര് കഴിച്ചുകൂടരുത് എന്നാണ്. അതിന് കാരണവുമുണ്ട്. തൈര് കഴിക്കുന്നത് ശരീരത്തിൽ കഫം വർധിപ്പിക്കാൻ ഇടയാക്കുമെന്ന് ആയുർവേദം പറയുന്നു. രാത്രിയിലാണ് കഫദോഷം വർധിക്കുക എന്നതുകൊണ്ട് ഇതിലേക്ക് നയിക്കുന്ന തൈര് രാത്രി ഒഴിവാക്കാം എന്നാണ് ആയുർവേദം നിർദേശിക്കുന്നത്.
അതുകൊണ്ട് ജലജോഷം, മൂക്കടപ്പ്, പനി, ആസ്ത്മ, ചുമ എന്നിവയുള്ളവർ രാത്രി തൈര് കഴിക്കുന്നത് ഒഴിവാക്കാം. അതുപോലെ പെട്ടെന്ന് പനിയും ജലദോഷവും പിടിപെടുന്ന കൂട്ടത്തിലുള്ളവരും രാത്രി തൈര് കഴിക്കാതിരിക്കുന്നതാണ് നല്ലത്. തൈര് പൊതുവെ ശരീരത്തിന് തണുപ്പ് തരുന്ന ആഹാര പദാർത്ഥമായതിനാൽ ഇത് മൂക്കടപ്പും ചുമയും പനിയും ഉള്ളവർക്ക് കൂടുതൽ അസ്വസ്ഥത ഉണ്ടാക്കുന്നതിന് കാരണമാകും. അതിനാൽ അത്തരക്കാർ രാത്രി തൈര് ഒഴിവാക്കാം.
Comments