തിരുവനന്തപുരം: അരിക്കൊമ്പനെ കുറിച്ച് ജനങ്ങൾക്കിടയിൽ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ. നിലവിൽ അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിൽ തന്നെയാണ് തുടരുന്നത്. എന്നാൽ അരിക്കൊമ്പൻ കേരളത്തിൽ കടന്നു എന്ന തരത്തിൽ വാർത്തകൾ പ്രചരിപ്പിക്കുകയും ജനങ്ങളിൽ ചിലർ പരിഭ്രാന്തി ഉണ്ടാക്കുകയും ചെയ്യുന്നുവെന്നും മന്ത്രി പറഞ്ഞു. ഇത്തരത്തിൽ സാമൂഹിക മാദ്ധ്യമങ്ങളിലും വാർത്തകൾ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടെന്നും മന്ത്രി പറഞ്ഞു.
കേരളാ വനം വകുപ്പും തമിഴ്‌നാട് വനം വകുപ്പും അരിക്കൊമ്പനെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ അതിർത്തി പ്രദേശത്ത് താമസിക്കുന്ന ജനങ്ങളെ ഭയപ്പെടുത്തുന്ന തരത്തിലുള്ള വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും മന്ത്രി പറഞ്ഞു. നിലവിൽ പെരിയാർ വന്യജീവി സങ്കേത്തിലെ വനം വകുപ്പ് ഉദ്യോഗസ്ഥർക്കാണ് അരിക്കൊമ്പന്റെ റേഡിയോ കോളർ സിഗ്നലുകൾ ലഭിക്കുക. ഈ സന്ദേശമാണ് തമിഴ്‌നാട് വനം വകുപ്പിനും തിരുവനന്തപുരത്തെ വനം വകുപ്പ് ആസ്ഥാനത്തേയ്‌ക്കും കൈമാറുന്നത്.
അതേസമയം അരിക്കൊമ്പനെ കേരളത്തിന് കൈമാറണം എന്ന് കാണിച്ച് എറണാകുളം സ്വദേശിനി മദ്രാസ് ഹൈക്കോടതിയ്‌ക്ക് സമർപ്പിച്ച ഹർജി ഇന്നലെ തള്ളിയിരുന്നു. എറണാകുളം സ്വദേശി റബേക്ക ജോസഫ് നൽകിയ ഹർജിയാണ് തള്ളിയത്. ആനയെ എവിടെ വിടണമെന്ന് തമിഴ്‌നാട് വനം വകുപ്പ് തീരുമാനിക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
Comments