പാലക്കാട്: കൃഷ്ണവനത്തിൽ നിന്നും കൂട്ടംതെറ്റി അട്ടപ്പാടി പാലൂരിലെ ജനവാസമേഖലയിലെത്തിയ ഒരു വയസുള്ള പിടിയാനക്കുട്ടി അമ്മയാനയെ കാത്ത് കഴിയുന്നു. പുല്ലും പഴവും വെള്ളവും നൽകി കുട്ടിയാനയെ പരിചരിക്കുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരും മകളെ തേടി അമ്മയാന എത്തുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴുമുള്ളത്. ഇനി അമ്മയാന അവളെ തേടി എത്തിയില്ലെങ്കിൽ പോറ്റി വളർത്താനാണ് വനം വകുപ്പിന്റെ തീരുമാനം. കൃഷ്ണവനത്തിൽ നിന്നും ഇറങ്ങി വന്നവൾക്ക് കൃഷ്ണ എന്ന പേരും നൽകി ഒപ്പം കൂട്ടിയിരിക്കുകയാണ് വന പാലകർ.
കഴിഞ്ഞ ദിവസം കാടിറങ്ങി വന്നതാണ് കൃഷ്ണ. കൂട്ടംതെറ്റി വന്നതിനെ തുടർന്ന് വനപാലകർ ചേർന്ന് കാട്ടിലേക്ക് വിട്ടെങ്കിലും വീണ്ടും ഇറങ്ങി വരികയായിരുന്നു. ഇന്നലെ രാവിലെയോടെയായിരുന്നു കൂട്ടം തെറ്റി കുട്ടിയാന ഇവിടെയെത്തിയത്. ഉച്ചയോടെ കാട്ടിലേക്ക് കയറ്റി വിട്ടെങ്കിലും വൈകിട്ടോടെ വീണ്ടും തിരികെയെത്തുകയായിരുന്നു. അമ്മയാന എത്തി കൊണ്ടുപോകും വരെ താൽക്കാലിക ഷെൽട്ടറിൽ കൃഷ്ണയെ പാർപ്പിക്കാനാണ് തീരുമാനം.
പാലൂരിൽ തൊഴിലുറപ്പ് തൊഴിലാളികളാണ് കാട്ടാനക്കുട്ടിയെ കണ്ടത്. സ്വകാര്യ തോട്ടത്തിലെ തോടിന് അരികിൽ അവശ നിലയിൽ നിൽക്കുകയായിരുന്നു കൃഷ്ണ. കുട്ടിയാനയെ കണ്ട ഉടൻ തന്നെ പ്രദേശവാസിയായ സിജെ ആനന്ദ്കുമാർ പുതൂർ ഫോറസ്റ്റ് സ്‌റ്റേഷനിൽ അറിയിച്ചു. സ്ഥലത്തെത്തിയ വനപാലകരും ദ്രുതപ്രതികരണ സംഘവും കൃഷ്ണയ്‌ക്ക് വെള്ളവും പുല്ലും പഴവും നൽകി. കുട്ടിയാനയെ തൃശൂരിൽ നിന്നും വെറ്റിനറി ഡോക്ടറെത്തി പരിശോധന നടത്തിയിരുന്നു. ഭക്ഷണം കഴിച്ച് ക്ഷീണം മാറിയ ആനക്കുട്ടിയെ ഉച്ചയോടെ വനം വകുപ്പിന്റെ ജീപ്പിൽ തൊട്ടരികിലുള്ള കൃഷ്ണവനത്തിലെത്തിച്ച് കാട്ടാനക്കൂട്ടത്തിനൊപ്പം ചേർത്തിരുന്നു. ആരോഗ്യം മോശമായതിനാൽ കാട്ടാനക്കൂട്ടം ഉപേക്ഷിച്ചതാകാം എന്നാണ് നിഗമനം.
Comments