കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സിയുടെ മിഡ്ഫീൾഡർ സഹൽ അബ്ദുൽ സമദിനായി ഇന്ത്യൻ സൂപ്പർ ലീഗിലെ നാലു പ്രധാന ക്ലബുകൾ രംഗത്ത് ഉള്ളതായി പ്രമുഖ മാദ്ധ്യമ പ്രവർത്തകൻ മാർക്കസ് റിപ്പോർട്ട് ചെയ്യുന്നു. 2.45 കോടി രൂപയ്‌ക്ക് മുകളിൽ വാഗ്ദാനം ചെയ്യുന്നതായാണ് വിവരം. സഹലിനായി ചെന്നൈയിനും മുംബൈ സിറ്റിയും ഉൾപ്പെടെ നാലു ക്ലബുകൾ രംഗത്ത് വന്നിട്ടുണ്ടെന്നും ഇവർ ബ്ലാസ്റ്റേഴ്‌സിനോട് സഹലിനായി അന്വേഷണങ്ങൾ നടത്തിയതായും മാർക്കസ് പറയുന്നു.
നല്ല ഓഫർ ആണെങ്കിൽ കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബുകളുമായി ചർച്ചകൾ നടത്തും. താരത്തെ വിൽക്കുന്നതും പരിഗണിച്ചേക്കും.സഹൽ കേരള ബ്ലാസ്റ്റേഴ്‌സിൽ തന്നെ തുടരാൻ ആണ് ആഗ്രഹിക്കുന്നത് എന്നാണ് സൂചന. അതുകൊണ്ട് തന്നെ താരം ക്ലബ് വിടുന്നത് ഇപ്പോഴും വിദൂര സാദ്ധ്യത മാത്രമാണുള്ളത്. 2025വരെയുള്ള കരാർ സഹലിന് കേരള ബ്ലാസ്റ്റേഴ്‌സിൽ ഉണ്ട്. 26കാരനായ സഹൽ കേരള ബ്ലാസ്റ്റേഴ്‌സിനായി ഐ.എസ്.എല്ലിൽ 96 മത്സരങ്ങൾ ഇതുവരെ കളിച്ചിട്ടുണ്ട്. 10 ഗോളുകളും 8 അസിസ്റ്റും ഐ.എസ്എല്ലിൽ നേടിയിട്ടുണ്ട്.
കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം സഹലിന് അത്ര മികച്ചതായിരുന്നില്ല. താരം അടുത്ത സീസണിൽ മികച്ച ഫോമിലേക്ക് തിരികെ വരും എന്ന പ്രതീക്ഷയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. 2017 മുതൽ സഹൽ കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം ഉണ്ട്. ഇന്ത്യൻ കുപ്പായത്തിലും താരം മികവു പുലർത്തുന്നുണ്ട്. നിലവിൽ നടക്കുന്ന ഇൻർ കോണ്ടിനന്റൽ കപ്പിലും മികച്ച പ്രകടനം പുറത്തെടുക്കുന്ന താരം ഗോളും നേടിയിട്ടുണ്ട്.
Comments