പ്രഖ്യാപിച്ച നാൾ മുതൽ വാർത്തകളിൽ ഇടംപിടിച്ച് പ്രഭാസ് ചിത്രം ആദിപുരുഷിന്റെ ആദ്യദിന കളക്ഷൻ റിപ്പോർട്ട് പുറത്ത് വിട്ട് നിർമ്മാതാക്കൾ. രാമായണത്തെ ആസ്പദമാക്കിയുള്ള എപിക് മിത്തോളജിക്കൽ ചിത്രത്തിൽ ബാഹുബലി താരം പ്രഭാസ് ആണ് നായകനെന്നതും ചിത്രത്തിന്റെ വിപണിമൂല്യം വർധിപ്പിച്ച ഘടകമായിരുന്നു. വലിയ പരസ്യ പ്രചരണങ്ങളോടെയും സ്‌ക്രീൻ കൗണ്ടോടെയും എത്തിയ ചിത്രത്തിനെതിരെ ചില കേന്ദ്രങ്ങളിൽ നിന്ന് വലിയ തോതിൽ നെഗറ്റീവ് റീവ്യുകൾ പ്രചരിപ്പിച്ചിരുന്നു. എന്നാൽ ആദ്യദിന കളക്ഷനിൽ ഇത് പ്രതിഫലിച്ചിട്ടില്ലെന്ന് മാത്രമല്ല, റെക്കോർഡ് നേട്ടം സ്വന്തമാക്കിയിട്ടുമുണ്ട് ചിത്രമെന്നാണ് വിവരം.
നിർമ്മാതാക്കൾ പുറത്തുവിട്ടിരിക്കുന്ന കണക്കനുസരിച്ച് 140 കോടിയാണ് ചിത്രം ആദ്യദിനം നേടിയിരിക്കുന്ന ഗ്രോസ്. ആഗോള ബോക്‌സ് ഓഫീസിൽ നിന്നുള്ള സംഖ്യയാണ് ഇത്. ഒരു ബോളിവുഡ് ചിത്രം നേടുന്ന എക്കാലത്തെയും വലിയ ഓപണിംഗ് ആണ് ഇതെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. സമീപകാല ബോളിവുഡിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്ന ഷാരൂഖ് ഖാൻ ചിത്രം പഠാന്റെ ആദ്യദിന കളക്ഷൻ 106 കോടി ആയിരുന്നു.
അതേസമയം ചിത്രം റിലീസിന് മുൻപ് തന്നെ മുടക്കുമുതലിൻന്റെ 85 ശതമാനവും ചിത്രം തിരിച്ചുപിടിച്ചതായി റിപ്പോർട്ടുകൾ എത്തിയിരുന്നു. 500 കോടി നിർമ്മാണച്ചെലവുള്ള ചിത്രമാണിത്. സാറ്റലൈറ്റ്, ഡിജിറ്റൽ, മ്യൂസിക്, മറ്റ് റൈറ്റ്‌സുകളുടെ വിൽപ്പന വഴി 247 കോടി രൂപ ചിത്രം സമാഹരിച്ചതായി ബോളിവുഡ് ഹംഗാമ റിപ്പോർട്ട് ചെയ്തിരുന്നു. തെന്നിന്ത്യയിൽ നിന്ന് തിയറ്റർ വിതരണാവകാശം വഴി 185 കോടി രൂപയും ചിത്രം നേടിയെന്നും അവരുടെ റിപ്പോർട്ടിൽ ഉണ്ട്. അങ്ങനെയാണ് ആകെ 432 കോടി.
















Comments