മലയാളികളുടെ എക്കാലത്തെയും പ്രിയ നടിമാർ ആരെന്ന് ചോദിച്ചാൽ അതിലുൾപ്പെടുന്ന ഒരു പേര് നടി ശോഭനയുടേതാകാം. നൃത്തത്തിലും അഭിനയത്തിലും ഒരു പോലെ മികവ് തെളിയിച്ച താരം. സിനിമ രംഗത്ത് താരം അത്ര സജീവമല്ലെങ്കിൽ കൂടി ഇന്നും മലയാളികൾ നെഞ്ചോട് ചേർത്ത് നിർത്തുന്ന നായികയാണ് ശോഭന. അഭിനയത്തേക്കാൾ ഉപരി നൃത്തത്തിന് വേണ്ടിയാണ് താരം ഇപ്പോൾ സമയം ചെലവഴിക്കുന്നത്. സമൂഹമാദ്ധ്യമങ്ങളിൽ സജീവമായ താരം ഇതിനോടനുബന്ധിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം ആരാധകർക്കായി പങ്കുവെയ്‌ക്കാറുണ്ട്.
ശോഭനയുടെ അഭിമുഖങ്ങളൊക്കെയും സമൂഹമാദ്ധ്യമങ്ങളിൽ വളരെ പെട്ടെന്നാണ് ശ്രദ്ധ ആകർഷിക്കാറുള്ളത്. താരത്തിന്റെ ജ്വലിക്കുന്ന വാക്കുകളിലെ വ്യക്തതയാണ് വീഡിയോകളെ വൈറലാക്കുന്നതിനു പിന്നിലുള്ള പ്രധാന ഘടകം. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ഏറെ പ്രചാരത്തിലുള്ളത്.
ഒരു ടെലിവിഷൻ ഷോയിൽ പങ്കെടുക്കാനെത്തിയപ്പോഴുള്ള വീഡിയോ ആണ് വൈറലായിരിക്കുന്നത്. ഫാഷനെ കുറിച്ചുള്ള അഭിപ്രായം ചോദിച്ചപ്പോൾ ശോഭന പറഞ്ഞ മറുപടിയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നമുക്ക് എന്താണോ കംഫർട്ടിബിൾ അതാണ് ഫാഷൻ എന്നാണ് താരം പറഞ്ഞിരിക്കുന്നത്. 250 രൂപ മാത്രമുള്ള ചെരുപ്പാണ് താൻ ധരിച്ചിരിക്കുന്നതെന്ന താരത്തിന്റെ വാക്കുകൾ ആരാധകരെ കൗതുകത്തിലാക്കി.
‘സ്ത്രീകൾ എന്ന് പറഞ്ഞാൽ സൗന്ദര്യം മാത്രമല്ല. ഫാഷൻ എന്ന് പറഞ്ഞാൽ നമ്മുടെ സ്വഭാവമാണ്. നമ്മളെല്ലാവരും ഫാഷൻ മാസികകൾ നോക്കും. നമ്മളിലെന്താണോ സൗകര്യപ്രദം, അതാണ് ബ്യൂട്ടി. സാരി നല്ലതാണ്, ഈ ചെരുപ്പിന് 250 രൂപയാണ്. ആ ഫാഷനിലാണ് ഞാൻ കംഫർട്ടബിളായിട്ടുള്ളത്’- ശോഭന പറഞ്ഞു.
ഫാഷന്റെ രാജകുമാരി സംസാരിക്കുമ്പോൾ ലോകം അവർക്കായി കാതോർക്കുമെന്നും, നല്ലൊരു സന്ദേശമാണ് പങ്കുവെച്ചതെന്നും തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്‌ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Comments