പത്തനംതിട്ട: ബൈക്കിൽ എത്തി വയോധികന്റെ മാല കവർന്ന യുവതി പിടിയിൽ. ആലപ്പുഴ കൃഷ്ണപുരം ചാലക്കൽ കോളനിയിൽ ശിവജി വിലാസത്തിൽ രമണന്റെ മകൾ സരിത (27) ആണ് അടൂർ പോലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച രാത്രി 8.30 ഓടെ പതിനാലാം മൈലിൽ ആയിരുന്നു മോഷണം നടന്നത്. പ്രദേശത്ത് മാടക്കട നടത്തുന്ന പെരിങ്ങനാട് മേലൂട് തങ്കപ്പവിലാസത്തിൽ തങ്കപ്പന്റെ മാലയാണ് പൊട്ടിച്ചത്.
രാത്രി അടച്ചശേഷം സ്‌കൂട്ടറിൽ വീട്ടിൽ പോകാൻ നിന്ന തങ്കപ്പന്റെ അടുത്ത് പ്രതികൾ പരിചിത ഭാവത്തിൽ എത്തികയായിരുന്നു. ഇവരെ പരിചയം ഇല്ലാത്തതിനാൽ സ്‌കൂട്ടറിൽ കയറി പോകാൻ ഒരുങ്ങിയപ്പോൾ മുന്നിൽ ബൈക്ക് വെച്ചു തടയുകയായിരുന്നു. തങ്കപ്പന്റെ കഴുത്തിൽ കിടന്ന അഞ്ച് പവൻ തൂക്കം വരുന്ന സ്വർണമാല ഇവർ പൊട്ടിച്ചെടുത്തു. പ്രതിരോധിച്ചതോടെ കമിതാക്കൾ തങ്കപ്പനെ ആക്രമിച്ചു. നാട്ടുകാർ എത്തിയതോടെ ബൈക്ക് ഓടിച്ച യുവാവ് ഓടിരക്ഷപ്പെട്ടു. സരിതയെയും ഇവർ വന്ന മോട്ടോർ സൈക്കിളും നാട്ടുകാർ തടഞ്ഞുവച്ചു. പൊട്ടിച്ചെടുത്ത സ്വർണമാല സരിതയുടെ പക്കൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
ഓടി രക്ഷപ്പെട്ട പ്രതിയുടെ പേര് അൻവർഷാ എന്നാണെന്നും ഇയാളും പിടിയിലായ സരിതയും വിവിധ പോലീസ് സ്റ്റേഷനുകളിലായി പതിനഞ്ചിലധികം മോഷണക്കേസുകളിൽ പ്രതികളാണെന്നും പോലീസ് പറഞ്ഞു.
Comments