ചെന്നൈ: ദക്ഷിണേന്ത്യൻ സിനിമകളിൽ നായകന്മാരായെത്തുന്ന ഉയർന്ന താരമൂല്യമുള്ളവർ ഓരോ സിനിമയ്‌ക്കും ഭീമൻ തുകയാണ് ഇടാക്കുന്നതെന്ന് എല്ലാവർക്കുമറിയാം. തെന്നിന്ത്യയിലെ ബിഗ് ബജറ്റ് ചിത്രങ്ങളിൽ എത്തുന്ന നായികമാരും വലിയ തുകയാണ് ഈടാക്കുന്നത്. ഒരുപക്ഷെ ബോളിവുഡ് അഭിനേതാക്കൾ ആവശ്യപ്പെടുന്ന പ്രതിഫലത്തേക്കാൾ മുകളിൽ വരുമിതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അങ്ങനെയെങ്കിൽ തെന്നിന്ത്യയിൽ ഏറ്റവുമധികം പ്രതിഫലം ഈടാക്കുന്ന നടി ആരാണെന്നറിയാമോ?
ദക്ഷിണേന്ത്യയുടെ പ്രിയപ്പെട്ട താരം സമാന്ത റൂത്ത് പ്രഭു 10 കോടി രൂപയാണ് സിറ്റഡേൽ ഇന്ത്യൻ വേർഷന് ഈടാക്കുന്നതെന്ന വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു. പുഷ്പയിലെ ഐറ്റം ഗാനത്തിന് ചുവടുവച്ചതിന് ശേഷം സമാന്തയുടെ ജനപ്രീതി വർധിച്ചുവെന്നാണ് വിലയിരുത്തൽ. എന്നാൽ ഒരു സിനിമ ചെയ്യാൻ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന കാര്യത്തിൽ സമാന്തയെക്കാൾ മുന്നിലെത്തിയിരിക്കുകയാണ് നടി തൃഷ കൃഷ്ണനെന്നാണ് റിപ്പോർട്ട്.
ഫിൻകാഷ് അടുത്തിടെ നടത്തിയ ഒരു സർവേ പ്രകാരം മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവന് ശേഷം തൃഷയുടെ താരമൂല്യം വർധിച്ചിരിക്കുകയാണ്. വരാനിരിക്കുന്ന ചിത്രത്തിന് തൃഷ 10 കോടി രൂപയിലധികം പ്രതിഫലം വാങ്ങിയെന്നാണ് സൂചന. 14 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം നടൻ വിജയിയുമായി ഒന്നിക്കുന്ന ലിയോ എന്ന സിനിമയിലാണ് തൃഷ ഇപ്പോൾ അഭിനയിക്കുന്നതെന്നാണ് വിവരം.
Comments