തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗുണനിലവാരം ഉറപ്പാക്കുമെന്ന് മന്ത്രി ആർ. ബിന്ദു. ഇതിനായി സർട്ടിഫിക്കറ്റുകളിൽ ഹോളോഗ്രാമം പതിപ്പിക്കുന്നത് പരിഗണനയിലാണ്, മന്ത്രി പറഞ്ഞു. സമൂഹത്തിൽ തെറ്റായ പ്രവണതകളുണ്ട്. ശക്തമായ പ്രതിരോധമാണ് ഇതിനെതിരെ വേണ്ടത്. സർട്ടിഫിക്കറ്റുകൾക്ക് പ്രതൃക തിരിച്ചറിയൽ സംവിധാനം കൊണ്ടുവരുന്നത് വലിയ സാമ്പത്തിക ചിലവ് വരുത്തും. എന്നാലും വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം ഉറപ്പാക്കാൻ ഇത് വേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. വ്യാജരേഖ സൃഷ്ടിക്കുന്നത് തടവുശിക്ഷ വരെ അർഹിക്കുന്ന കുറ്റമാണ്. പക്ഷേ ഒന്നോ രണ്ടോ പേർ ചെയ്യുന്നതിനെ സാമാന്യ സംഭവമായി കാണരുതെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ആരോപണത്തിൽ ആലപ്പുഴയിലെ എസ്എഫ്‌ഐ നേതാവ് നിഖിൽ തോമസ് സമർപ്പിച്ച സർട്ടിഫിക്കറ്റുകൾ ഒറിജിനാലാണെന്ന എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി. എം ആർഷോയുടെ വാദം പൊളിഞ്ഞു. നിഖിൽ കലിംഗ സർവകലാശാലയിൽ പഠിച്ചിട്ടില്ലെന്ന് വ്യക്തമാക്കി രജിസ്ട്രാർ രംഗത്ത് വന്നു. സർവകലാശാല രേഖകളിൽ നിഖിൽ പഠിച്ചതായി തെളിവില്ല. ഇങ്ങനെയൊരു പേരില്ലെന്നും രജിസ്ട്രാർ സന്ദീപ് ഗാന്ധി അറിയിച്ചു.
എന്നാൽ നിഖിൽ സമർപ്പിച്ച സർട്ടിഫിക്കറ്റുകൾ പരിശോധിച്ചെന്നും അത് വ്യാജമല്ലെന്നുമാണ് ആർഷോ പറയുന്നത്. നിഖിൽ തോമസിന്റേത് ഒറിജിനൽ സർട്ടിഫിക്കറ്റുകളാണെന്നാണ് എസ്എഫ്ഐയുടെ ബോധ്യം. കുറ്റം കലിംഗയുടേതാണ്. സർട്ടിഫിക്കറ്റുകൾ പരിശോധിച്ച ശേഷം ലഭിച്ച വിവരങ്ങളാണ് താൻ പറഞ്ഞത്. കലിംഗയിൽ പോയി പരിശോധിക്കാൻ എസ്എഫ്ഐയ്‌ക്കാവില്ലെന്നും ആർഷോ പറഞ്ഞു. നിഖിലിനെ മാറ്റി നിർത്തിയെന്നും സംഭവത്തിൽ അന്വേഷണം നടത്തുമെന്നും ആർഷോ പറഞ്ഞു. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നിഖിലിനെ സംരക്ഷിക്കില്ലെന്നും ആർഷോ കൂട്ടിച്ചേർത്തു.
















Comments