ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ അന്തർ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ഷോട്ട്പുട്ട് ത്രോ താരം തജീന്ദർപാൽ സിംഗ് ദേശീയ, ഏഷ്യൻ റെക്കോർഡുകൾ തകർത്തു. 7.26 കിലോ ഇരുമ്പ് ബോൾ 21.77 മീറ്റർ ദൂരം എറിഞ്ഞ തജീന്ദർപാൽ സ്വന്തം ദേശീയ റെക്കോർഡ് മെച്ചപ്പെടുത്തിയതിന് ഒപ്പം പുതിയ ഏഷ്യൻ റെക്കോർഡും സ്ഥാപിച്ചു. ഇതോടെ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് അദ്ദേഹം യോഗ്യത നേടുകയും ചെയ്തു.
തന്നെ ഏറ്റവും അധികം സ്‌നേഹിക്കുകയും പിന്തുണയ്‌ക്കുകയും ചെയ്ത അമ്മുമ്മ മരിച്ച് മൂന്നാം ദിവസമാണ് താരത്തിന്റെ റെക്കോർഡ് നേട്ടം. ‘ ഞാൻ റെക്കോർഡ് തകർത്തെന്ന് മനസിലാക്കിയപ്പോൾ എന്റെ കണ്ണുകൾ ഈറനണിഞ്ഞു. ഞാൻ അവരെക്കുറിച്ച് ചിന്തിക്കുകയായിരുന്നു. മെഡൽ നേട്ടം അവർക്ക് സമർപ്പിക്കുന്നു’- തജീന്ദർപാൽ സിംഗ് മത്സരം ശേഷം പറഞ്ഞു.
21.49 മീറ്ററെന്ന തന്റെ തന്നെ ദേശീയ റെക്കോർഡ് ആണ് 28-കാരൻ മറികടന്നത്. 22 മീറ്റർ മറികടക്കാനാണ് തന്റെ അടുത്ത പദ്ധതിയെന്ന് വിജയത്തിനു ശേഷം തജീന്ദർപാൽ പറഞ്ഞു. തജീന്ദർപാൽ ഇതിനകം തന്നെ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയിട്ടുണ്ട്, 2018 എഡിഷനിൽ 20.75 മീറ്റർ എറിഞ്ഞായിരുന്നു അദ്ദേഹം സ്വർണ്ണം നേടിയത്.കൈത്തണ്ടയ്‌ക്ക് പരിക്കേറ്റതിനെത്തുടർന്ന് ടോക്കിയോ ഒളിമ്പിക്സിന്റെ ഫൈനലിലെത്താൻ കഴിയാതെ പോയ താരത്തിന് ശസ്ത്രക്രിയയ്‌ക്ക് ശേഷം കുറച്ചുനാൾ മത്സരങ്ങളിൽ നിന്ന് അകലം പാലിക്കേണ്ടിവന്നിരുന്നു.
Comments