തിരുവനന്തപുരം: ഇനി മുതൽ എസ്എസ്എൽസി, പ്ലസ്ടൂ പരീക്ഷകളിൽ മിന്നും വിജയം സ്വന്തമാക്കണമെങ്കിൽ ഒരു കടമ്പ കൂടി കടക്കണം. മികച്ച വിജയം കരസ്ഥമാക്കുന്നതിനായി ഇനി മുതൽ പത്രം കൂടി വായിക്കണം. തുടർമൂല്യനിർണയത്തിന് നൽകുന്ന 20 ശതമാനം മാർക്കിൽ 10 ശതമാനം മാർക്ക് പത്ര-പുസ്തക വായനയിലെ മികവിന് നൽകുണമെന്നാണ് സർക്കാർ തീരുമാനം. ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉടൻ ഉത്തരവ് പുറത്തിറക്കും.
നൂറ് മാർക്കിന്റെ പരീക്ഷയിൽ പഠനാനുബന്ധ പ്രവർത്തന മികവിന് 20 മാർക്ക് എന്ന നിലയിലും 50 മാർക്കിന്റെ പരീക്ഷയ്‌ക്ക് 10 മാർക്കുമാണ് തുടർമൂല്യനിർണയത്തിലൂടെ വിദ്യാർത്ഥികൾക്ക് നൽകി വരുന്നത്. എന്നാൽ ഇനി മുതൽ 10 മാർക്ക് പത്ര-പുസ്തക വായനയിലെ വിദ്യാർത്ഥികളുടെ താൽപര്യവും മികവും കൂടി കണക്കിലെടുത്ത് നൽകുന്നതിനാണ് വിദ്യാഭ്യാസ വകുപ്പ് തയാറെടുക്കുന്നത്. പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന വാർത്താ വായന മത്സരങ്ങളിൽ വിജയിക്കുന്ന കുട്ടികൾക്ക് ഇതിലൂടെ ഗ്രേസ് മാർക്ക് നേടാനും സാധിക്കും.
മലയാളത്തിലെ മൂന്ന് പ്രമുഖ ദിനപത്രങ്ങളിലെ വാർത്തകൾ അടിസ്ഥാനമാക്കിയാണ് വാർത്തയും അതിനോട് അനുബന്ധിച്ചുള്ള അവലോകനവുമാണ് കുട്ടികൾ തയാറേക്കണ്ടത്. സ്‌കൂൾ തലം മുതൽ സംസ്ഥാന തലം വരെ മത്സരമുണ്ടാകും. സംസ്ഥാന തലത്തിൽ ആദ്യ മൂന്ന് സ്ഥാനം നേടുന്നവർക്ക് യഥാക്രമം 20,17,14 എന്നിങ്ങനെയായിരിക്കും മാർക്ക് ലഭിക്കുന്നത്.
അതേസമയം വായാനാ ദിനം ഓരോ വർഷവും കടന്നു പോകുന്നതല്ലാതെ സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ലൈബ്രറി പ്രവർത്തനം നിശ്ചലമാണെന്ന ആരോപണം ഉയർന്നിരുന്നു. സംസ്ഥാനത്ത് 2077 ഹയർസെക്കൻഡറി സ്‌കൂളുകളിൽ പൊതുവിദ്യാഭ്യാസ വകുപ്പ് നിഷ്‌കർഷിക്കുന്ന വിധത്തിലുള്ള ലൈബ്രറികൾ ഉള്ളത് നാല് സ്‌കൂളുകളിൽ മാത്രമാണ്. അതേപോലെ ഈ പട്ടികയിൽ ഒരു സർക്കാർ സ്‌കൂൾ പോലും ഇല്ലെന്നതാണ് വാസ്തവം. കൂടാതെ പതിനായിരം പുസ്തകങ്ങൾ ഉള്ള സ്‌കൂളുകളിൽ ലൈബ്രേറിയൻ നിയമനം ഉണ്ടാകുമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ വാദവും പാഴ്‌വാക്കായി തുടരുകയാണ്.
















Comments