ന്യൂഡൽഹി: കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ രാജ്യത്ത് ഒമ്പത് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. 2004 മുതൽ 2014 വരെയുള്ള യുപിഎ ഭരണവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് കൂടുതലാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
2014 മുതലുള്ള ഒമ്പത് വർഷത്തിനിടയിൽ തൊഴിലവസരങ്ങളിൽ ഗണ്യമായ വർധനയുണ്ടായിട്ടുണ്ട്. സർക്കാർ ജോലികളിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിൽ കാര്യമായ സംഭാവന നല്ഡകിയ പ്രധാനമന്ത്രി റോസ്ഗർ മേളയെയും ജിതേന്ദ്ര സിംഗ് പരാമർശിച്ചു. ഇതുവരെ ആറ് റോസ്ഗർ മേളകളാണ് രാജ്യത്ത് നടത്തിയത്. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ 8,82,191 ഒഴിവുകളാണ് കേന്ദ്ര സർക്കാർ ഫയൽ ചെയ്തത്. എന്നാൽ യുപിഎ ഭരണകാലത്തെ ആദ്യ ഒമ്പത് വർഷങ്ങളിൽ ഇത് 6,02,045 ആയിരുന്നു.
യുപിഎസ്‌സി, സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ, റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് എന്നിവ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നതിൽ പ്രധാന പങ്കുവഹിച്ചതായും കേന്ദ്ര മന്ത്രി കൂട്ടിച്ചേർത്തു. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, ഫയൽ ചെയ്യുക എന്നതിനൊപ്പം സർക്കാർ കൊണ്ടുവന്ന ഭരണപരിഷ്‌കാരങ്ങൾ തൊഴിൽ റിക്രൂട്ട്‌മെന്റിൽ മികച്ച മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. കേവലം സർക്കാർ ജോലികളെ ആശ്രയിക്കാൻ മാത്രമല്ല, തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും രാജ്യത്തെ യുവാക്കളെ പ്രോത്സാഹിപ്പിക്കാൻ പ്രധാനമന്ത്രിക്ക് കഴിഞ്ഞു. രാജ്യത്തെ സ്റ്റാർട്ടപ്പുകളുടെ എണ്ണം 350ൽ നിന്ന് ഒരു ലക്ഷമായി ഉയർന്നിട്ടുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
Comments