പ്രവാസികളെ കൊള്ളയടിച്ച് വിമാനക്കമ്പനികൾ; പരിധികളില്ലാതെ ഉയർന്ന് ടിക്കറ്റ് നിരക്ക്, നാട്ടിൽ പോകാനുള്ള ആഗ്രഹം ഉപേക്ഷിച്ച് പ്രവാസികൾ

Published by
Janam Web Desk

ദുബായ്: ഗൾഫ് രാജ്യങ്ങളിൽ വിദ്യാലയം അടയ്‌ക്കുന്ന സാഹചര്യത്തിൽ പ്രവാസികളെ കൊള്ളയടിക്കാൻ ലക്ഷ്യമിട്ട് വിമാനക്കമ്പനികൾ. ആവശ്യക്കാരുടെ എണ്ണം വർധിക്കുമ്പോൾ ടിക്കറ്റ് നിരക്കുകളും വർധിപ്പിച്ച് പ്രവാസികളെ പിഴിഞ്ഞെടുക്കുന്ന പതിവ് ഇത്തവണയും വിമാനക്കമ്പനികൾ തെറ്റിച്ചിട്ടില്ല. അവധി സീസൺ മുതലെടുത്ത് വിമാനക്കമ്പനികൾ അവയുടെ ടിക്കറ്റ് നിരക്കുകൾ വർധിപ്പിച്ചിരിക്കുകയാണ് നിലവിൽ. ഇതോടെ യു.എ.ഇയിലെ സാധാരണക്കാരായ പ്രവാസികളാണ് ദുരിതത്തിലായിരിക്കുന്നത്.

യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്കിൽ ഭീമമായ വർധനവരുത്തിയിരിക്കുകയാണ്. മൂന്നിരട്ടിയിലേറെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഈ മാസം 26നു മധ്യവേനൽ അവധി തുടങ്ങാനിരിക്കെ, കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് വിമാനക്കമ്പനികൾ മൂന്നിരട്ടിയാക്കി. പ്രവാസികൾ കുടുംബമായി നാട്ടിൽ പോകുന്നതിനാൽ വിമാനങ്ങളിൽ ഏതാനും സീറ്റുകൾ മാത്രമാണ് ബാക്കി. ആ സീറ്റുകളിലേക്ക് അടുക്കാൻ കഴിയാത്ത നിരക്കും.

ഇന്ത്യൻ, വിദേശ എയർലൈനുകളെല്ലാം വർധനയുടെ കാര്യത്തിൽ ഒറ്റക്കെട്ടാണ്. കഴിഞ്ഞ മാസം കേരളത്തിലേക്കു 12,000 രൂപയ്‌ക്കു വരെ കിട്ടിയിരുന്ന വൺവേ ടിക്കറ്റ് അവധി തുടങ്ങുന്നതോടെ 40,000 രൂപയ്‌ക്കു മുകളിലാവും. ഗോ ഫസ്റ്റ് എയർലൈൻ നിർത്തിയതും എയർ ഇന്ത്യ സർവീസുകൾ കൊച്ചിയിലേക്കു മാത്രമാക്കിയതും സീറ്റുകൾ കുറയാൻ കാരണമായി. സീസൺ കാലത്ത് ടിക്കറ്റ് നിരക്ക് ഇരട്ടിയാകുമെങ്കിലും മതിയായ സീറ്റുകൾ കൂടി ഇല്ലാതായതോടെ പ്രവാസികളുടെ നാട്ടിൽ പോക്ക് ഇത്തവണ ഗുരുതര പ്രതിസന്ധിയിലാണ്. ടിക്കറ്റ് നിരക്ക് പരിധികളില്ലാതെ ഉയർന്നതോടെ അവധിക്കാലത്ത് നാട്ടിൽ പോകാനുള്ള ആഗ്രഹം ഉപേക്ഷിച്ചിരിക്കുകയാണ് പ്രവാസികൾ. ഈ പ്രത്യേക സാഹചര്യത്തിൽ ഏകദേശം 15 മുതൽ 20 മണിക്കൂർ വരെ ദൈർഘ്യമെടുത്ത് ഇന്ത്യയിലെത്തുന്ന കണക്ഷൻ ഫ്‌ളൈറ്റുകളെ ആശ്രയിക്കുകയാണ് പല പ്രവാസികളും.

മധ്യവേനൽ അവധി കഴിയുന്നതുവരെ വിമാന ടിക്കറ്റ് നിരക്ക് ഉയർന്നുതന്നെ നിൽക്കുകയും ചെയ്യും. ഉത്സവ സീസണുകളിലെ വിമാന ടിക്കറ്റ് നിരക്ക് കുറക്കുന്നത് സംബന്ധിച്ച ആവശ്യം പതിവ് പോലെ ഉയരുന്നുണ്ട്. തിരക്കുള്ളത് കൊണ്ട് നിരക്ക് കുറക്കാതെ സര്‍വീസ് നടത്തുകയാണ് വിമാന കമ്പനികൾ. എല്ലാ സീസണുകളിലും പല ജനപ്രതിനിധികളും വിമാനക്കമ്പനികളുടെ ഈ കൊള്ളയ്‌ക്ക് അറുതിവരുത്തുമെന്ന് പ്രഖ്യാപിക്കാറുണ്ടെങ്കിലും ഇത്തവണയും ഇതിനൊരു ശ്വാശത പരിഹാരം ഉണ്ടാവാനുള്ള സാധ്യത കുറവാണ്.

Share
Leave a Comment